ബലാത്സംഗ കേസിൽ അകപ്പെട്ട വിവാദ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പോരാട്ടം നടത്തിയ അഞ്ച് കന്യാസ്ത്രീകൾ ആഹ്ലാദത്തിൽ നിൽക്കുന്ന ചിത്രത്തോടെ വാഷിംഗ്ടണിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ലോകപ്രശസ്ത മാസികയായ നാഷണൽ ജ്യോഗ്രഫിക് പുറത്തിറങ്ങി. സിസ്റ്റർ അനുപമ ഉൾപ്പെടെയുള്ളവരുടെ ചിത്രമാണ് മാസികയിൽ ഉള്ളത്. നവംബർ ലക്കത്തിൽ സ്ത്രീകൾ, ഒരു നൂറ്റാണ്ടിന്റെ മാറ്റം എന്ന പ്രത്യേക പതിപ്പിലാണ് ഇതുള്ളത്.
ബലാത്സംഗ കേസിൽ ഉൾപ്പെട്ട ഫ്രാങ്കോയുടെ പേര് പരാമർശിക്കാതെയാണ് മാഗസിൻ ആർട്ടിക്കിൾ എഴുതിയിരിക്കുന്നത്. മാഗസിന്റെ വാക്കുകളിലൂടെ.
പ്രശ്നങ്ങളുണ്ടാക്കാതെ ശാന്തമായി ഇരിക്കാനാണ് മേലധികാരികൾ കന്യാസ്ത്രീകളിൽ സമ്മർദ്ദം ചെലുത്തിയിരുന്നത്. എന്നാൽ, കന്യാസ്തീകൾ അത് നിരാകരിച്ചു. ബിഷപ്പ് പല തവണ ബലാത്സംഗം ചെയ്തുവെന്ന് കേരളത്തിലെ ഒരു കന്യാസ്ത്രി സഭാ നേതാക്കളോടു പരാതിപ്പെട്ടിരുന്നു. പക്ഷെ, ഒന്നും സംഭവിച്ചില്ല. അതുകൊണ്ട് കന്യാസ്ത്രീകൾ പോലീസിനെ സമീപിച്ചു, അതിനു ശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അഞ്ച് കന്യാസ്ത്രീകൾ ബിഷപ്പിനെതിരെ പ്രതിഷേധിച്ചു കൊണ്ട് ഹൈക്കോടതിക്ക് സമീപം രണ്ടാഴ്ചയോളം നീണ്ടു നിന്ന സത്യാഗ്രഹമിരുന്നു. താൻ നിരപരാധിയാണെന്ന് ബിഷപ്പ് ആവർത്തിച്ചുവെങ്കിലും അയാൾ അറസ്റ്റിലായി. അഞ്ച് കന്യാസ്ത്രീകൾക്കു പിന്തുണ നൽകേണ്ട സഭയാകട്ടെ അവരുടെ പ്രതിമാസ അലവൻസ് റദ്ദാക്കുകയാണു ചെയ്തത്.
കേരളത്തിലെ പിങ്ക് പോലീസിനെ കുറിച്ചും നാഷണൽ ജ്യോഗ്രഫിക്കിൽ ചിത്രവും, വിവരണവും ഉണ്ട്.