വീണ്ടും നഗരങ്ങളുടെ പേരുമാറ്റത്തിന് ഒരുങ്ങി യുപി സർക്കാർ. അലഹാബാദ് പ്രയാഗ്രാജും, മുഗൾസരായി ദീൻ ദയാൽ ഉപാധ്യായ നഗറും ആയതുപോലെ, താജ്മഹൽ നിലകൊള്ളുന്ന രാജ്യത്തെ ചരിത്രനഗരി ആഗ്ര ‘അഗ്രവൻ’ ആയേക്കുമെന്ന് റിപ്പോർട്ടുകൾ.
ആഗ്രയിലെ അംബേദ്കർ സർവകലാശാലയോട് ആഗ്രയുടെ ചരിത്രപരമായ പേരിനെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടു കഴിഞ്ഞു. ഇതിൽ സമഗ്രമായ വിവരശേഖരണം നടത്തിയെന്നും, അടുത്ത ദിവസം റിപ്പോർട്ട് സമർപ്പിക്കുമെന്നും സർവകലാശാല ചരിത്രവിഭാഗം മേധാവി സുഗം ആനന്ദ് പറഞ്ഞു. ‘അഗ്രവൻ’ എന്ന പേര് പിന്നീട് ആഗ്രയായി മാറുകയായിരുന്നെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ.
ആഗ്രയുടെ പഴയ പേര് അഗ്രവൻ എന്നായിരുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ വാദം, അക്ബർ ചക്രവർത്തിയുടെ പ്രദേശം എന്ന നിലയ്ക്ക് അക്ബർബാദ് എന്നായിരുന്നു പേരെന്നും അത് ലോപിച്ചാണ് ആഗ്രയായതെന്നും മറ്റൊരു വാദവും നിലനിൽക്കുന്നുണ്ട്.
ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്ന നഗരം എന്ന ആഗ്രയുടെ പേര് മാറ്റുന്നത് വിനോദസഞ്ചാര രംഗത്ത് തിരിച്ചടിയാകുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.