സുരക്ഷാ പരിശോധന ഒഴിവാക്കാൻ പൈലറ്റായി ആൾമാറാട്ടം

0
754

വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകളിലെ നീണ്ട ക്യൂവിൽ നിന്ന് രക്ഷപ്പെടാൻ ലുഫ്താൻസ എയർലൈൻസ് പൈലറ്റായി ആൾമാറാട്ടം നടത്തിയ രാജൻ മഹ്ബുബാനി ആൾ അറസ്റ്റിൽ. ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് സി.ഐ.എസ്.എഫ് ആണ് നാൽപ്പത്തിയെട്ട് വയസ്സുള്ള ഇയാളെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച കൊൽക്കത്തിയിലേക്ക് പോകുന്ന എയർ ഏഷ്യാ വിമാനത്തിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് രാജൻ അറസ്റ്റിലായത്. ഇയാളെ പിന്നീട് തുടരന്വേഷണങ്ങൾക്കായി പോലീസിന് കൈമാറി.

ആർമി കേണലിന്റേത് ഉൾപ്പടെ നിരവധി യൂണിഫോമുകൾ ധരിച്ച് രാജൻ ഫോട്ടോ എടുത്തിട്ടുണ്ട് എന്നത് അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ യൂണിഫോമുകളിൽ ടിക്ടോക്ക് വീഡിയോകളും രാജന്റെ ഫോണിൽ നിന്ന് കണ്ടെത്തി.

ബാങ്കോക്കിൽ നിന്നാണ് വ്യാജ തിരിച്ചറിയൽ കാർഡ് രാജൻ സ്വന്തമാക്കിയത് എന്നാണ് പോലീസ് പറയുന്നത്. ലുഫ്താൻസ എയർലൈൻസ് ക്യാപ്റ്റന്റെ വസ്ത്രം ധരിച്ചെത്തിയ ഇയാളെ കുറിച്ച് സംശയം തോന്നിയ ലുഫ്താൻസയുടെ ചീഫ് സെക്യൂരിറ്റി ഓഫീസറാണ് സിഐഎസ്എഫിന് വിവരം കൈമാറിയത്.

ഇയാൾ സ്ഥിരമായി വിമാനയാത്ര ചെയ്യാറുണ്ട് എന്നും, എളുപ്പത്തിൽ സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങാനും, സുരക്ഷാ ഏജൻസികളുടെ പരിഗണന ലഭിക്കാനും വിമാനക്കമ്പനികളുടെ പൈലറ്റായി വേഷം മാറാറുണ്ടെന്ന് രാജൻ പറഞ്ഞതായി ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് ഭാട്ടിയ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here