എയർടെലിനും, വോഡഫോൺ ഐഡിയയ്ക്കും പിന്നാലെ റിലയൻസ് ജിയോയും താരിഫ് നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് സൂചന. 2012 ന് ശേഷം ആദ്യമായാണ് കമ്പനികൾ നിരക്കുകൾ ഇത്രയും വലിയ തോതിൽ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്.
സർക്കാരിനൊപ്പം നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കേണ്ടി വരുമെന്ന് ജിയോ വാർത്താകുറിപ്പിൽ വ്യക്തമാക്കി കഴിഞ്ഞു. വോഡഫോൺ ഐഡിയയേയും, എയർടെലിനേയും പോലെ ജിയോയും താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചേക്കുമെന്ന സൂചനയാണ് ഇത്.
എന്നിരുന്നാലും താരിഫ് നിരക്കുകൾ ഡാറ്റ ഉപയോഗത്തെ ബാധിക്കാത്ത വിധത്തിലായിരിക്കും വർദ്ധിപ്പിക്കുക എന്നാണ് ജിയോ പറയുന്നത്. ജിയോ നൽകുന്ന കണക്കുകളനുസരിച്ച് രാജ്യത്തെ ഉപയോക്താക്കൾ പ്രതിമാസം 600 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചാലും ഇതിൽ കുറവ് വരുത്താതെ നോക്കാനാണ് ജിയോ ശ്രമിക്കുന്നത്.
ട്രായ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ജിയോ നിരക്കുകൾ വർദ്ധിപ്പിക്കാൻ നോക്കുന്നത് എങ്കിൽ എയർടെലും, വോഡഫോണും അങ്ങനെയല്ല ട്രായ് നിയമങ്ങൾ, അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടർന്നുണ്ടായ കോടികളുടെ കുടിശ്ശിക, ജിയോയുടെ വരവോടെയുണ്ടായ ഉപയോക്താക്കളുടെ വൻ കൊഴിഞ്ഞ് പോക്ക് എന്നിവ മൂലം കനത്ത സാമ്പത്തിക നഷ്ടമാണ് നിരക്ക് കൂട്ടാൻ ഈ കമ്പനികളെ പ്രേരിപ്പിക്കുന്നത്.