ഇന്ത്യയിൽ നിന്ന് ആദ്യമായി മിസ്റ്റർ വേൾഡ് പട്ടം നേടിയ ചിത്തരേഷ് നടേശന്റെ ഭക്ഷണം ദിവസവും 40 മുട്ടയും, ഒരു കിലോ ചിക്കനും പോരാത്തതിന് പ്രോട്ടീൻ ഷേക്കുകളുമാണ്. കൂടാതെ മധുരക്കിഴങ്ങ്, ചോറ്, പച്ചക്കറി, മത്സ്യം, ഓട്സ് എന്നിവയും മെനുവിലുണ്ട്. ദിവസം ഭക്ഷണത്തിന് മാത്രമായി ഏതാണ്ട് 1500 രൂപയാണ് ചിലവ്! രാവിലെ ആറിന് ഉണരുന്ന ചിത്തരേഷ് ഏഴ് തവണ ഭക്ഷണം കഴിക്കും. മൂന്ന് തവണകളിലായി നാലര മണിക്കൂർ ഒരുദിവസം വർക്കൗട്ട് ചെയ്യും. ലോക ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പിൽ 90 കിലോഗ്രാം വിഭാഗത്തിൽ ‘മിസ്റ്റർ വേൾഡ്’ ആകുകയും, വിവിധ വിഭാഗങ്ങളിലെ മിസ്റ്റർ വേൾഡുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ലോക മല്ലന്മാരെ കീഴ്പ്പെടുത്തിയുമാണ് ചിത്തരേഷ് ‘മിസ്റ്റർ യൂണിവേഴ്സ് കിരീടം’ ചൂടിയത്. ഇതിനുമുമ്പ് ചിത്തരേഷ് ‘മിസ്റ്റർ ഡൽഹി’, ‘മിസ്റ്റർ ഇന്ത്യ’, ‘മിസ്റ്റർ ഏഷ്യ’ പട്ടങ്ങൾ നേടിയിരുന്നു.സ്പോർട്സ് ക്വാട്ടയിൽ ഒരു സർക്കാർ ജോലിയും, സിനിമാ അഭിനയവുമാണ് ചിത്തരേഷിന്റെ സ്വപ്നം, എല്ലാം ആഗ്രഹങ്ങൾ മാത്രമായി ഒതുങ്ങുമോ എന്ന ഭയവുമുണ്ട് ചിത്തരേഷിന്.