രാജ്യത്തെ ഇതുവരെയുള്ള ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയാവാൻ ഒരുങ്ങി മായങ്ക് പ്രതാപ് സിങ് എന്ന ജയ്പൂർ സ്വദേശി. വെറും ഇരുപത്തിയൊന്ന് വയസ്സാണ് മായങ്കിന്റെ പ്രായം. ജുഡീഷ്യൽ സർവ്വീസ് പരീക്ഷയിൽ പങ്കെടുക്കാനുള്ള പ്രായം 23 വയസ്സ് എന്നത് 21 വയസ്സായി ചുരുക്കിയിരുന്നു. ഇതാണ് മായങ്കിന് തുണയായത്.
രണ്ടായിരത്തിപ്പതിനാലിൽ അഞ്ച് വർഷത്തെ എൽഎൽബി കോഴ്സിലേക്ക് പ്രവേശനം നേടിയ മായങ്ക് ഈ വർഷം ഏപ്രിൽ മാസത്തിലാണ് നിയമപഠനം പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷത്തെ രാജസ്ഥാൻ ജ്യുഡീഷ്യൽ സർവീസസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടിയാണ് മായങ്ക് പുതിയ ചരിത്രം രചിയ്ക്കാൻ ഒരുങ്ങുന്നത്.
ജഡ്ജിമാർക്ക് സമൂഹത്തിലുള്ള സ്ഥാനവും, പ്രാധാന്യവുമാണ് ഈ മേഖലയിലേക്ക് ആകർഷിച്ചതെന്ന് മായങ്ക് പറയുന്നു. ആദ്യ ശ്രമത്തിൽ തന്നെ പരീക്ഷയിൽ വിജയം നേടാനായതിൽ സന്തോഷമുണ്ടെന്നും അതിന് സഹായിച്ച മാതാപിതാക്കളോടും അധ്യാപകരോടും നന്ദിയുണ്ടെന്നും മായങ്ക് അറിയിച്ചു.