ചൂട് മാറി തണുപ്പ് കാലം ആരംഭിച്ചതോടെ ഗോശാലകളിലെ പശുക്കൾക്ക് കോട്ട് വാങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണ് അയോധ്യയിലെ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ. ചണം കൊണ്ടുള്ള, മുന്നൂറ് രൂപയോളം വരുന്ന കോട്ടാണ് ഇതിനുവേണ്ടി വാങ്ങുന്നത്.
ബൈശിംഗ്പുർ ഗോശാലയിലെ 1200 നാൽകാലികൾക്കാണ് ആദ്യമായി കോട്ട് കിട്ടുക. ഇതിൽ 700 കാളകളുമുണ്ട്. ഭാവിയിൽ മറ്റുള്ള ഗോശാലകളിലേക്കും ഇത് വ്യാപിപ്പിക്കും.
മൂന്ന് പാളികളുള്ള കോട്ടാണ് ഇതിന് വേണ്ടി ഉപയോഗിക്കുക. ശരീരത്തോട് ചേർന്നുവരുന്ന ഭാഗം നനുത്ത തുണികൊണ്ടുള്ളതാവും. പശുക്കൾക്കും, കാളകൾക്കും പ്രത്യേകം കോട്ടുകളായിരിക്കും തയ്യാറാക്കുക. ഗോശാലകളിൽ എപ്പോഴും ചൂട് നിലനിർത്തുന്നതിനായി തീകൂട്ടി നെരിപ്പോടുണ്ടാക്കാനും കോർപ്പറേഷന് പദ്ധതിയുണ്ട്.
ഗോശാലകളിലെ പദ്ധതി സംസ്ഥാനത്താകമാനം വ്യാപിപ്പിക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്.