അങ്കമാലിയിൽ ദേശീയ പാതയിലെ ബാങ്ക് ജംഗ്ഷനിൽ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും, ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം നടന്നത്.
ഓട്ടോ ഡ്രൈവർ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ ഔസേഫിന്റെ മകൻ ജോസഫ് (58), മാമ്പ്ര കിടങ്ങേൻ മത്തായിയുടെ ഭാര്യ മേരി (65), അങ്കമാലി കല്ലുപാലം പാറയ്ക്ക ജോർജിന്റ ഭാര്യ മേരി (58), മൂക്കന്നൂർ കൈ പ്രസാടൻ തോമസിന്റെ ഭാര്യ റോസി (50) എന്നിവരാണ് മരിച്ചത്.
രാവിലെ കുർബാന കഴിഞ്ഞ് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ നിന്ന് മടങ്ങുകയായിരുന്നു സംഘം. സ്റ്റാൻഡിൽ നിന്ന് മൂക്കന്നുരിലേക്ക് പോകുകയായിരുന്ന ബസ്സ് ആണ് ഓട്ടോയിൽ ഇടിച്ചത്.
നീണ്ട നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് നാട്ടുകാരും, അഗ്നിരക്ഷാ സേനയും ചേർന്ന് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ഇതേ തുടർന്ന് ദീർഘനേരം ദേശീയപാതയിൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.