രാത്രികാലങ്ങളിൽ വഴിയോരത്തെ തട്ടുകടകളിൽ നിന്ന് ചൂടോടെ, രുചിയൂറുന്ന തട്ടുകട ഭക്ഷണം കഴിക്കാത്ത മലയാളികളുണ്ടോ? ശീതീകരിച്ച, ചൈനീസ് വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകളേക്കാൾ ഭൂരിഭാഗവും ആശ്രയിക്കുന്നത് താരതമ്യേന വിലകുറഞ്ഞ, എന്നാൽ മികച്ച രുചി പ്രദാനം ചെയ്യുന്ന തട്ടുകടകളെ തന്നെയാണ്.എന്നാൽ ഇപ്പോഴിതാ കേരള സർക്കാരും തട്ടുകട ശൃംഖല തന്നെ തുടങ്ങാൻ പദ്ധതിയിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വൃത്തിയുള്ള സാഹചര്യങ്ങളിൽ ഭക്ഷണം വിളമ്പുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യത്തെ തെരുവോര ഭക്ഷണകേന്ദ്രം ആലപ്പുഴയിൽ തുടങ്ങുമെന്നും ഇതിനായുള്ള നടപടി വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടർക്ക് കത്തയയ്ക്കുമെന്നും സർക്കാർ വ്യക്തമാക്കി.തിരുവനന്തപുരത്തെ ശംഖുംമുഖം, എറണാകുളത്തെ ഫോർട്ട്കൊച്ചി എന്നിവിടങ്ങളിലും തെരുവോര ഭക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കും. വർക്കലയിൽ മാതൃകാ തെരുവോര ഭക്ഷണ ഹബ്ബ് സ്ഥാപിക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.