വെയിൽ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്ന ലക്ഷണമില്ല. ഏവരെയും ഞെട്ടിച്ച് പുതിയ ലുക്കിൽ ഷെയ്ൻ എത്തിയതാണ് ഇതിനെ ചൊല്ലിയുള്ള ഏറ്റവും പുതിയ വിവാദം. താടി വടിച്ച്, മുടി പറ്റെ വെട്ടിയുള്ള ഷെയ്നിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. സിനിമയുടെ നിർമ്മാതാവുമായുള്ള വിവാദം ചർച്ച ചെയ്ത് പരിഹരിച്ച ശേഷവും സിനിമയുമായി ഷെയ്ൻ സഹകരിക്കുന്നില്ല എന്ന വാർത്തകൾ നിലനിക്കുന്നതിനിടയ്ക്കാണ് പുതിയ വിവാദം.ഹെയർ സ്റ്റൈലുമായി ബന്ധപ്പെട്ടാണ് ഷെയ്നും വെയിൽ എന്ന സിനിമയുടെ നിർമാതാവായ ജോബി ജോർജും തമ്മിലുള്ള പ്രശ്നം ഉടലെടുത്തത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതിന് മുമ്പ് ഷെയ്ൻ മറ്റൊരു സിനിമയ്ക്ക് വേണ്ടി മുടി മുറിച്ചെന്നായിരുന്നു നിർമ്മാതാവിന്റെ ആരോപണം. പ്രശ്നത്തിൽ നിർമ്മാതാവ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് ഷെയ്നാണ് ആദ്യം രംഗത്തെത്തിയത്.അമ്മയും, നിർമാതാക്കളുടെ സംഘടനയായ ഫെഫ്കയും ചേർന്ന് നടത്തിയ അനുരഞ്ജന ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ൻ ഉറപ്പുനൽകുകയും എന്നാൽ ചിത്രീകരണത്തിനിടയിൽ ഷെയ്ൻ ഇറങ്ങിപ്പോയെന്നും, സഹകരിക്കുന്നില്ലെന്നും കാണിച്ച് വീണ്ടും വെയിലിന്റെ സിനിമയുടെ പിന്നണി പ്രവർത്തകർ രംഗത്ത് വന്നിരുന്നു.നിർമ്മാതാവ് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മുന്നിൽ പരാതിയുമായി എത്തുകയും, ഷെയ്നിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന തീരുമാനം നിർമാതാക്കളുടെ സംഘടന അമ്മയെ അറിയിക്കുകയും ചെയ്തിരുന്നു.എന്നാൽ തന്നെ ചൊല്ലിയുള്ള വാർത്തകളിൽ കഴമ്പില്ലെന്നും, ചർച്ചയ്ക്ക് ശേഷമുള്ള ചിത്രീകരണ വേളയിൽ മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായെന്നും ഷെയ്ൻ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.