ഇംഗ്ലീഷ് ക്രിക്കറ്റർ ജോഫ്ര ആർച്ചർക്കെതിരെ സ്റ്റേഡിയത്തിൽ വച്ച് കാണികളിൽ ഒരാൾ നടത്തിയ വംശീയ അധിക്ഷേപത്തിൽ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡും, ടീം ക്യാപ്റ്റൻ കെയ്ൻ വില്യംസണും മാപ്പ് അപേക്ഷിച്ചു. കാണികളിൽ ഒരാൾ തന്നെ അധിക്ഷേപിച്ചു എന്നത് ആർച്ചർ വ്യക്തമാക്കയിരുന്നു ഇതിന് പിന്നാലെയാണ് സംഭവത്തിൽ മാപ്പ് ചോദിച്ച് ക്യാപ്റ്റനും, ബോർഡും രംഗത്തെത്തിയത്.
ന്യൂസീലൻഡുകാർ എന്ന നിലയിൽ ഞങ്ങൾ എങ്ങനെയാണോ അതിന് വിപരീതമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്നും, അത്തരത്തിലുള്ള ഒരു സംഭവവും മേലിൽ ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നുമാണ് വില്യംസൺ പറഞ്ഞത്. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തലവൻ ഡേവിഡ് വൈറ്റ്, ആർച്ചർ താമസിക്കുന്ന ഹോട്ടലിൽ നേരിട്ടെത്തി താരത്തോട് ക്ഷമാപണം നടത്തി.
വംശീയ അധിക്ഷേപത്തിൽ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദിയായ ആളെ കണ്ടെത്തി ഇയാളെ സ്റ്റേറിയങ്ങളിൽ കളി കാണുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനാണ് ബോർഡിന്റെ നീക്കം.