നിർമ്മാതാക്കളും, സംവിധായകരും നൽകിയ പരാതിയിൽ ഷെയ്ൻ നിഗത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മലയാള സിനിമകളിൽ നിന്നും വിലക്കി. നിർമ്മാതാക്കളുടെ സംഘടനയാണ് വിലക്ക് ഏർപ്പെടുത്തിയത്. വിവാദമായ വെയിൽ സിനിമയും, ഒപ്പം അഭിനയിച്ചു കൊണ്ടിരുന്ന കുർബാനി എന്ന സിനിമയും ഉപേക്ഷിക്കാനും നിർമമാതാക്കളുടെ സംഘടന തീരുമാനിച്ചു.
ഹെയർ സ്റ്റൈൽ മാറ്റിയതിനെ ചൊല്ലി വെയിൽ സിനിമയുടെ നിർമ്മാതാവും, ഷെയ്ൻ നിഗവും തമ്മിൽ ആസ്വാരസ്യം ഉടലെടുക്കുകയും പിന്നീട് അമ്മ സംഘടനയുടെ സാന്നിധ്യത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷെയ്ൻ ലൊക്കേഷനിൽ വരുന്നുല്ലെന്ന് കാണിച്ച് നിർമമാതാവ് വീണ്ടും സംഘടനയെ സമീപിച്ചതോടെ സ്ഥിതി വഷളായി. മുടി വടിച്ച് ഷെയ്ൻ രംഗത്ത് എത്തിയതോടെയാണ് കടുത്ത നടപടിക്ക് നിർമ്മാതാക്കളുടെ സംഘടന മുതിർന്നത്.
നിർത്തിവച്ച സിനിമകളുടെ ചിലവ് അതായത് എഴുകോടിയോളം രൂപയുടെ നഷ്ടം ഷെയ്ൻ നികത്തും വരെ താരത്തെ മലയാള സിനിമകളിൽ സഹകരിപ്പിക്കില്ല എന്നതാണ് സംഘടനയുടെ നിലപാട്. മലയാള സിനിമയില്‍ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഷെയ്നില് നിന്ന് ഉണ്ടായതെന്നും വിലക്കിന്റെ കാര്യം താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.