പെരുമ്പാവൂരില്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെട്ട കൊലപാതകം. പെരുമ്പാവൂര്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിന് സമീപം രാത്രി ഒരു മണിയോടെയാണ് സംഭവം. 42 വയസ്സുള്ള കുറുപ്പംപടി സ്വദേശി ദീപയെ ആണ് അന്യസംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
അസാം സ്വദേശിയായ ഉമർ അലിയെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സമീപത്തുള്ള സിസിടിവി ക്യാമറയിൽ നിന്ന് കൊലപാതക ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
കൊല്ലപ്പെട്ട ദീപയെ കൊലപാതകി വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് സൂചന. സ്‌കൂളിന് എതിർവശത്തുള്ള ഹോട്ടലിന് സമീപത്തേക്ക് കൊണ്ടുപോയി തൂമ്പ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞെന്ന് സംശയം തോന്നിയ പ്രതി സിസിടിവി ക്യാമറ തല്ലിപ്പൊളിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് മൂന്ന് മണിക്കൂറിനകം ഉമർ അലിയെ അറസ്റ്റ് ചെയ്തു. ഇയാൾ നൽകിയ അസാമിലെ വിലാസം വ്യാജമാണോ എന്ന് സംശയിക്കുന്നതിനാൽ, മറ്റൊരു കേസിന്റെ അന്വേഷണത്തിന് അസാമിലുള്ള കേരള പോലീസ് വഴി അത് അന്വേഷിക്കുമെന്ന് പോലീസ് വ്യക്‌തമാക്കി.