തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നാടകീയ സംഭവവികാസങ്ങൾ. പ്രതിയുടെ ജാമ്യം റദ്ദാക്കിയത്തിൽ പ്രതിഷേധിച്ച് വനിതാ ജഡ്ജിയെ ചേമ്പറിൽ പൂട്ടിയിട്ടാണ് അഭിഭാഷകരുടെ പ്രതിഷേധം. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റിനെയാണ് അഭിഭാഷകർ ചേർന്ന് പൂട്ടിയിട്ടത്. കെഎസ്ആർടിസി ഡ്രൈവർ പ്രതിയായുള്ള വാഹനാപകടക്കേസിൽ പ്രതിയുടെ ജാമ്യം നിഷേധിച്ചു എന്നാരോപിച്ചായിരുന്നു ഒരുകൂട്ടം അഭിഭാഷകരുടെ പ്രതിഷേധം.
പ്രതി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സാക്ഷി മൊഴി നൽകിയതിനെ തുടർന്നാണ് മജിസ്‌ട്രേറ്റ് പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്തത്. അനിശ്ചിതകാലത്തേക്ക് കോടതി ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പും അഭിഭാഷകർ നൽകിയിട്ടുണ്ട്. പൂട്ടിയിട്ട വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകരും, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടും ചേർന്നു പിന്നീടു മോചിപ്പിക്കുകയായിരുന്നു.