ടീമിൽ ഉൾപ്പെടുത്തിയിട്ടും അവസരങ്ങൾ നൽകാതെ അടുത്ത പരമ്പരയിൽ നിന്ന് ഒഴിവാക്കിയത് വിവാദമായത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിൽ തിരിച്ചെത്തി. വിന്‍ഡീസിനെതിരെ ഡിസംബറില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്.
ടീം ഇന്ത്യയുടെ ഓപ്പണിംഗ് താരം ശിഖര്‍ ധവാന് പരിക്കേറ്റത്തോടെയാണ് സഞ്ജുവിന് ടീമിലേക്കുള്ള വഴി തെളിഞ്ഞത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ഡല്‍ഹിയും മഹാരാഷ്ട്രയും തമ്മിലുള്ള മത്സരത്തിനിടെ ക്രീസിലേക്ക് ഡൈവ് ചെയ്തപ്പോൾ ധവാന്റെ തുടയിൽ മുറിവേൽക്കുകയായിരുന്നു.
ധവാന്റെ പരിക്ക് സഞ്ജുവിന്റെ ഭാഗ്യമായി മാറി. നാല് വര്‍ഷങ്ങൾക്ക് മുമ്പാണ് സഞ്ജു ഇന്ത്യക്കായി അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. ഐപിഎല്ലിലും, രഞ്ജിയിലും, ഇന്ത്യ എ ടീമിലും മികച്ച പ്രകടനം നടത്തിയിട്ടും വേണ്ടത്ര അവസരങ്ങൾ താരത്തിന് ലഭിച്ചിരുന്നില്ല. സഞ്ജുവിനെ തഴഞ്ഞതിനെതിരെ ശശി തരൂരും, ഹർഭജൻ സിംഗും രംഗത്തെത്തിയിരുന്നു. ഡിസംബര്‍ ആറിന് ഹൈദരാബാദിലാണ് വിന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരം.