തന്റെ രണ്ടു മക്കളും ട്വിറ്ററിൽ ഇല്ലെന്നും ഇവരുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തി. അർജ്ജുന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ടാഗ് ചെയ്താണ് സച്ചിൻ ട്വീറ്റ് ചെയ്തത്.
‘അർജുനും സാറയ്ക്കും ട്വിറ്ററിൽ അക്കൗണ്ട് ഇല്ലെന്നുള്ള കാര്യം ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. അർജുന്റേതെന്ന പേരിൽ പ്രചരിക്കുന്ന അക്കൗണ്ട് വ്യാജമാണ്. ഈ അക്കൗണ്ടിൽ നിന്നും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരേ വിദ്വേഷമുളവാക്കുന്ന ട്വീറ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെതിരെ എത്രയും പെട്ടെന്ന് ട്വിറ്റർ ഇന്ത്യ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു’, സച്ചിൻ ട്വീറ്റ് ചെയ്തു.
സച്ചിന്റെ ട്വീറ്റിന് പിന്നാലെ അർജുൻ തെണ്ടുൽക്കറുടെ പേരിലുണ്ടായിരുന്ന വ്യാജ അക്കൗണ്ട് ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യപ്പെട്ട നിലയിലാണ്. മലയാളി താരം സഞ്ജു സാംസണെ വെസ്റ്റിൻഡീസ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ ഈ വ്യാജ അക്കൗണ്ടിൽ നിന്ന് വന്ന ട്വീറ്റ് വൈറലായിരുന്നു. വ്യാജനെന്ന് മനസ്സിലാകാതെ സച്ചിന്റെ മകൻ സഞ്ജുവിന് വേണ്ടി രംഗത്ത് എന്ന തരത്തിൽ ഇത് വലിയ പ്രചാരം നേടിയിരുന്നു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന് പിന്തുണയറിയിച്ചും ഇതേ വ്യാജ അക്കൗണ്ടിൽ നിന്നും ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ഇതിനെതിരെ സച്ചിൻ തന്നെ രംഗത്ത് വന്നത്.