യൂത്ത് ഫെസ്റ്റിവലുകളിൽ സാധാരണ വിദ്യാർത്ഥികളെ പങ്കെടുക്കുന്നവരിലോ, അല്ലെങ്കിൽ കാണികളിലോ ആണ് കാണാറുള്ളത്. എന്നാൽ പതിവിന് വ്യത്യസ്തമായി പെരുമ്പാവൂരിൽ സമാപിച്ച എറണാകുളം ജില്ലാ യൂത്ത് ഫെസ്റ്റിവലിൽ എല്ലാ മത്സരങ്ങളുടെയും വീഡിയോ പകർത്തുക എന്ന ജോലിയിലും കുറച്ചധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പിന് ഭാവി റെഫെറന്സിന് വേണ്ടിയാണ് ഈ വീഡിയോകൾ.
പെരുമ്പാവൂരിലും പരിസരത്തുമുള്ള പത്തോളം സ്കൂളുകളിലെ ലിറ്റിൽ ‘കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗങ്ങളായ 40 ഓളം വരുന്ന വിദ്യാർത്ഥികൾ വെബ്ക്യാമുകൾ, ട്രൈപോഡുകൾ, ലാപ്ടോപ്പുകൾ എന്നിവ ഉപയോഗിച്ച് വിവിധ ഇവന്റുകൾ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്തു. കേരള ഇൻഫർമേഷൻ ഓഫ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) കീഴിലുള്ള ലിറ്റിൽ കൈറ്റ്സ് പരിപാടിയുടെ ഭാഗമായി വിവിധ വിവര, ആശയവിനിമയ സാങ്കേതികവിദ്യ (ഐസിടി) ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾക്ക് ഒരു വേദി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ ആദ്യ സംരംഭം.
“വെബ്ക്യാമുകൾ, ലാപ്ടോപ്പുകൾ, എഡിറ്റിംഗ് സോഫ്റ്റ്വെയർ മുതലായ ഐസിടി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി, അവരുടെ കഴിവുകൾ പരീക്ഷിക്കുന്നതിന് അവർക്ക് ഒരു വെല്ലുവിളി നിറഞ്ഞ ജോലി നൽകാമെന്ന് ഞങ്ങൾ ചിന്തിച്ചു. മാത്രമല്ല, എല്ലാ ഇവന്റുകളുടെയും വീഡിയോകൾ എടുക്കാൻ ഒരു സർക്കാർ ഉത്തരവുണ്ട്, പങ്കെടുക്കുന്നവർ സമർപ്പിച്ച അപ്പീലുകൾക്ക് തെളിവായി ഇത് ഉപയോഗിക്കാം. അതിനാൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നൈപുണ്യം ഉപയോഗിക്കാൻ കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ നിർദ്ദേശിച്ചു, ”കൈറ്റ് ജില്ലാ കോർഡിനേറ്റർ പി .എൻ സജിമോൻ പറഞ്ഞു.
ഈ വർഷം സംസ്ഥാന ഫെസ്റ്റിവലിലും വിദ്യാർത്ഥികളെ വിന്യസിക്കാൻ കൈറ്റ് പദ്ധതിയിടുന്നുണ്ടെന്നും സജിമോൻ പറഞ്ഞു.