നോട്ട്ബുക്ക് പേജിൽ എഴുതി പോലീസിന് വിദ്യാർത്ഥി നൽകിയ പരാതി സോഷ്യൽമീഡിയയിൽ തരംഗമായി. കോഴിക്കോട് മേപ്പയൂർ പൊലീസ് സ്റ്റേഷൻ എസ്ഐക്കാണ് ആബിന്‍ എന്ന വിദ്യാര്‍ത്ഥി പരാതി നല്‍കിയത്.
സൈക്കിൾ നേരെയാക്കാൻ നൽകിയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും മെക്കാനിക്ക് തിരിച്ചു നൽകിയില്ല എന്നും ഇതിനെതിരെ നടപടി എടുക്കണം എന്നുമാണ് ആബിൻ എഴുതി നൽകിയത്. കീറിയ നോട്ട് പുസ്തകത്തിന്റെ പേജിൽ നിഷ്കളങ്കത ചാലിച്ചെഴുതിയ പരാതി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
എന്നാൽ കുട്ടി നൽകിയ പരാതി പോലീസ് അതീവ ഗൗരവമായി തന്നെയാണ് എടുത്തത്. മേക്കാനിക്കിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് കാര്യം തിരക്കി. മകന്റെ കല്ല്യാണവും, ശാരീരിക ബുദ്ധിമുട്ടുകളും മൂലമാണ് നന്നാക്കാൻ താമസിച്ചത് എന്ന് മെക്കാനിക്ക് പോലീസിനെ അറിയിച്ചു. എത്രയും പെട്ടെന്ന് നന്നാക്കി നൽകാം എന്ന ഉറപ്പ് വാങ്ങിയ ശേഷമാണ് പോലീസ് പരാതി തീർപ്പാക്കിയത്.
കത്തിന്റെ പൂർണ്ണ രൂപം
സർ, എന്റെയും അനിയന്റെയും സൈക്കിൾ സെപ്തംബർ അഞ്ചാം തിയതി കൊടുത്തതാണ്. ഇത് വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിൾ കൊടുക്കുമ്പോൾ 200 രൂപ വാങ്ങിവെച്ചിട്ടുണ്ട്. വിളിക്കുമ്പോൾ മ ചിലപ്പോൾ ഫോൺ എടുക്കില്ല. ചിലപ്പോൾ എടുത്താൽ നന്നാക്കും എന്ന് പറയും. കടയിൽ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും. വീട്ടിൽ വേറെ ആരും ഇല്ല പോയി അന്വേഷിക്കാൻ. അതുകൊണ്ട് സാർ ഇത് ഒന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം.
എന്ന് ആബിൻ