ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത്, കൊലപ്പെടുത്തി, മൃതദേഹം കത്തിച്ച കേസിൽ പ്രതികളിലേക്ക് പോലീസ് എത്തിയത് മൊബൈൽ കോളിലൂടെ. കൊല്ലപ്പെടുന്നതിന് മുമ്പ് ഡോക്ടറുടെ ഫോണിൽ നിന്ന് പോയ അവസാന ഫോൺ കോളാണ് പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത്. ഇതിന് ശേഷം ഡോക്ടറുടെ ഫോണിൽ നിന്ന് മറ്റ് കോളുകൾ പോയിട്ടുമില്ല.
ഡോക്ടറുടെ സ്കൂട്ടർ മനപ്പൂർവ്വം പഞ്ചറാക്കിയ ശേഷം നന്നാക്കാനായി കൊണ്ടുപോകുമ്പോൾ വിശ്വാസ്യത ഉറപ്പാക്കാൻ മുഖ്യപ്രതിയായ ആരിഫ് തന്റെ മൊബൈൽ നമ്പർ ഡോക്ടർക്ക് നൽകിയിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും വണ്ടി തിരികെ എത്താതായപ്പോൾ ഡോക്ടർ ഈ നമ്പറിലേക്ക് വിളിച്ചു. ഇതിന് ശേഷമാണ് പ്രതികൾ ക്രൂരമായി ഡോക്ടറെ കൊലപ്പെടുത്തിയത്.
അതേസമയം ഡോക്ടറുടെ കൊലപാതക കേസിൽ വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് മജിസ്ട്രേറ്റ് കോടതി രൂപവതകരിക്കാൻ തെലങ്കാന സർക്കാർ ഉത്തരവിറക്കി. പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും, ഡോക്ടറുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പറഞ്ഞു.