മൂന്നുമാസത്തെ നീണ്ട തിരച്ചിലുകൾക്കൊടുവിൽ ചന്ദ്രോപരിതലത്തിൽ സോഫ്‌റ്റ് ലാൻഡിങ് ചെയ്യുന്നതിനിടെ കാണാതായ ഇന്ത്യയുടെ വിക്രം ലാന്‍ഡറിന്റെ അവശിഷ്‌ടങ്ങൾ നാസ കണ്ടെത്തി.
നാസ പകർത്തിയ ചിത്രങ്ങൾ പ്രകാരം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കിലോമീറ്ററുകളോളം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന വിധത്തിലാണ് കാണപ്പെടുന്നത്. തമിഴ്‌നാട് സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയർ ഷണ്‍മുഖ സുബ്രഹ്മണ്യത്തിന്റെ സഹായത്തോടെയാണ് വിക്രം ലാൻഡറെ കണ്ടെത്തിയത്.
ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിലെ പരാജയം വിക്രം ലാൻഡറിന്റെ ലാൻഡിംഗ് ആയിരുന്നു. ചന്ദ്രോപരിതലത്തിൽ നിന്ന് അര കിലോമീറ്റർ അകലെ വച്ച് വിക്രം ലാൻഡർ തകർന്നു വീഴുകയായിരുന്നു.
അതിനുശേഷം ലാന്‍ഡറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇസ്രോയും നാസയും. തെര്‍മല്‍ ഇമേജ് ഉപയോഗിച്ച് വിക്രം ലാന്‍ഡറെ കണ്ടെത്തി എന്ന് ഇസ്രോ മുൻപേ അവകാശപ്പെട്ടിരുന്നു. ഇപ്പോഴിതാ നാസയും വിക്രം ലാന്‍ഡറെ കണ്ടെത്തിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.
നാസയുടെ ലൂണാർ റിക്കനൈസസന്‍സ് പുറത്തുവിട്ട ചിത്രങ്ങൾ പരിശോധിച്ച് ടെക്കിയായ ഷണ്മുഖ സുബ്രഹ്മണ്യനാണ് ആദ്യം ഇത് ലാൻഡറിന്റെ അവശിഷ്ടങ്ങൾ ആണെന്ന് കണ്ടെത്തിയത്. സെപ്തംബര്‍ 26ന് നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പുറത്തുവിട്ട ചിത്രത്തെയാണ് ഷണ്‍മുഖ സുബ്രഹ്മണ്യന്‍ വിശകലനം ചെയ്തതും, ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെ കണ്ടെത്തിയതും.
ഷണ്‍മുഖ സുബ്രഹ്മണ്യന്‍ നിര്‍ദ്ദേശിച്ച രീതി ഉപയോഗിച്ച് ലൂണാര്‍ റിക്കനൈസസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ടീം കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും, ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ പലയിടത്തും ഉണ്ടെന്നുള്ളത് സ്ഥിരീകരിക്കുകയായിരുന്നു. വേണ്ടത്ര പ്രകാശം ഇല്ലാത്തതിനാല്‍ ആദ്യം കണ്ടെത്തിയത് ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണ് എന്ന് സ്ഥിരീകരിക്കാന്‍ ആകുമായിരുന്നില്ല. വീണ്ടും ഒക്ടോബർ ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നീ തീയതികളില്‍ എടുത്ത ചിത്രങ്ങളെക്കൂടി പരിശോധിച്ച ശേഷമാണ് 21 കഷ്ണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രമുള്ളത് എന്നത് സ്ഥിരീകരിച്ചത്.
സോഫ്റ്റ് ലാൻഡിങ്ങിന് ശ്രമിക്കുന്നതിനടയിൽ ബന്ധം വേർപ്പെട്ട്, ക്രാഷ് ലാൻഡിങ് സംഭവിക്കുകയായിരുന്നു എന്നും, ഇതിൽ ലാൻഡർ പൂർണ്ണമായി നശിച്ചുവെന്ന കാര്യത്തിൽ ഇതോടെ സ്ഥിരീകരണമായി. സെപ്റ്റംബർ ഏഴിന് പുലർച്ചെയാണ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിച്ചത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ മാറി, മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ പദ്ധതിയിട്ടിരുന്നത്. ചന്ദ്രയാൻ മൂന്ന് എന്ന ദൗത്യത്തിന് ഇസ്രോ പദ്ധതിയിടുന്നുണ്ട്.
Image courtesy: NASA