ലോക ഫുട്‌ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം ആറാം തവണയും സ്വന്തമാക്കി ലയണൽ മെസ്സി. ഡച്ച് താരവും, ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച വാൻഡെക്കിനെ പിന്തള്ളിയാണ് മെസ്സി ആറാമതും ഈ നേട്ടം കൊയ്തത്. അമേരിക്കൻ ഫുട്‌ബോൾ താരമായ മേഗൻ റാപീനോയ്ക്കാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം.
ഏറ്റവും കൂടുതൽ തവണ ബലോൻ ദ് ഓർ പുരസ്‌കാരം നേടിയ താരമെന്ന റെക്കോർഡ് ഇതോടെ ക്രിസ്റ്റിയാനോ റൊണാൾഡോയിൽ നിന്ന് മെസ്സി സ്വന്തമാക്കി. ഇരുവരും അഞ്ച് കിരീടങ്ങൾ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു ഇതുവരെ. ചാമ്പ്യൻസ് ലീഗിലേയും, ലാലിഗയിലേയും മിന്നുന്ന പ്രകടനമാണ് മെസിക്ക് തുണയായത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയും, സാദിയോ മാനേയും, മുഹമ്മദ് സലയും മികച്ച കളിക്കാർക്കുള്ള അവസാന അഞ്ചിൽ ഇടം നേടി. ലിവർപൂളിന്റെ ബ്രസീലിയൻ ഗോളി ആലിസൺ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയപ്പോൾ, യുവന്റസിന്റെ മാത്തിസ് ഡി ലിറ്റ് മികച്ച യുവതാരമായി.