ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിലെ ‘ലൈക്ക്’ ഓപ്‌ഷൻ നീക്കം ചെയ്‌തതിന് പിന്നാലെ പരസ്യദാതാക്കൾ ബ്രാൻഡുകളുമായി സഹകരിക്കാൻ പുതിയ വഴികൾ തേടുന്ന തിരക്കിലാണ്. നിരവധി കമ്പനികൾ സെലിബ്രിറ്റികളുമായി സഹകരിച്ച് പ്രമോഷനുകൾ ചെയ്യാറുണ്ട്. എൻഗേജ്മെന്റും, ലൈക്കും കാണാൻ പറ്റാതായൽ എന്തുചെയ്യുമെന്ന ചോദ്യം ഉയരുന്നുണ്ട്.
പുതിയ മാറ്റം കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നും, പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കം വർദ്ധിപ്പിക്കുമെന്നും മാർക്കറ്റിംഗ് വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട് എങ്കിലും വ്യാജ ഇൻഫ്ലുവൻസർ പ്രൊഫൈലുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് എതിരഭിപ്രായം ഉയർന്നു കഴിഞ്ഞു.
ഏറ്റവും കൂടുതൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 49 ദശലക്ഷം അക്കൗണ്ടുകളുള്ള അമേരിക്ക ഒന്നാം സ്ഥാനത്തും, 27 ദശലക്ഷവുമായി ബ്രസീൽ രണ്ടാം സ്ഥാനത്തുമാണ്.
മാർക്കറ്റ് റിസർച്ച് സ്ഥാപനമായ സ്റ്റാറ്റിസ്റ്റിയയുടെ കണക്കനുസരിച്ച് ഇന്ത്യ ആഗോളതലത്തിൽ 73 ദശലക്ഷം ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുമായി രണ്ടാം സ്ഥാനത്താണ്. ‘ലൈക്ക്’ ഓപ്‌ഷൻ നീക്കം ചെയ്യുന്നത് പ്ലാറ്റ്‌ഫോമിലെ പ്രേക്ഷകരുമായി സ്വാധീനം ചെലുത്തുന്നവരുടെ യഥാർത്ഥ ഇടപഴകൽ മനസിലാക്കുന്നതിൽ വെല്ലുവിളി സൃഷ്ടിക്കുമെന്നും പക്ഷേ ഇത് മികച്ച നിലവാരമുള്ള ഉള്ളടക്കം കണ്ടെത്താൻ ബ്രാൻഡുകളെയും വിദഗ്ധരെയും സഹായിക്കുമെന്നും, ഇൻഫ്ലുവൻസറിന്റെ കോഫൗണ്ടർ അശുതോഷ് ഹർബോള പറഞ്ഞു.
മാർക്കറ്റിംഗ് സ്ഥാപനം ബുസോക. ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ജപ്പാൻ, ബ്രസീൽ, അയർലൻഡ്, ഇറ്റലി തുടങ്ങിയ വിപണികളിൽ ജൂലൈ മാസത്തിൽ പുതിയ അപ്‌ഡേറ്റ് പരീക്ഷിച്ചതായി ഇൻസ്റ്റാഗ്രാം കഴിഞ്ഞ ആഴ്ച അറിയിച്ചു. ആഗോളതലത്തിൽ പരീക്ഷിക്കുന്നതിന്റെ ഭാഗമായി കമ്പനി ഇപ്പോൾ ഇന്ത്യയിൽ ഒരു ചെറിയ ശതമാനം ഉപയോക്താക്കളിൽ ഇത് പരീക്ഷിക്കുന്നുണ്ട്.
പങ്കിടുന്ന ഫോട്ടോകളിലും വീഡിയോകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പുതിയ നീക്കം ആളുകളെ സഹായിക്കുമെന്നും, എത്ര ലൈക്കുകൾ ലഭിക്കുന്നു എന്നതിലല്ല കാര്യമെന്ന് ചിന്തിപ്പിക്കാൻ ഇടയാക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഉല്‍പ്പന്നത്തിന്റേയോ, സേവനത്തിന്റേയോ പ്രമോഷനു വേണ്ടി ഏതെങ്കിലും ബ്രാന്‍ഡുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സെലിബ്രിറ്റികള്‍ അഥവാ ഇന്‍ഫ്ലുവന്‍സേഴ്‌സിന് ഇന്‍സ്റ്റാഗ്രാം വരുത്തിയിരിക്കുന്ന ഈ പുതിയ പരിഷ്‌കാരം വലിയ തിരിച്ചടിയായിരിക്കുമെന്നാണ് വിലയിരുത്തുന്നത്.