സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ചിപ്പ് കാർഡിലേക്ക് മാറാനുള്ള സമയ പരിധി ഡിസംബർ മുപ്പത്തിയൊന്നോടെ അവസാനിക്കും. റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരമാണ് മാഗ്‌നെറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡ് എസ്ബിഐ ഈ മാസത്തോടെ നിർത്തലാക്കുന്നത്.
സുരക്ഷയെ മുൻനിർത്തി ഇഎംവി ചിപ്പ് കാർഡിലേക്ക് മാറാനാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. രാജ്യത്തെ പല ബാങ്കുകളും ഒരു വര്‍ഷം മുന്‍പേ തന്നെ ചിപ് കാര്‍ഡുകള്‍ പുറത്തിറക്കിയിരുന്നു. എന്നാൽ ഇടപാടുകാരുടെ കൂടിയ എണ്ണം മൂലം ഇത് പ്രാബല്യത്തിൽ വരുത്താൻ എസ്ബിഐ ഒരു വർഷത്തെ സാവകാശം തേടുകയായിരുന്നു. അതാണ് ഈ മാസത്തോടെ അവസാനിക്കാൻ പോകുന്നത്.
നിലവിലെ ഇടപാടുകാർക്ക് സൗജന്യമായാണ് ചിപ്പ് കാർഡ് നൽകുന്നത്. ഓൺലൈനായും ഇതിനുള്ള അപേക്ഷകൾ സമർപ്പിക്കാം. എട്ട് ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡ് ഉപഭോക്താവിന്റെ രജിസ്റ്റേര്‍ഡ് അഡ്രസിലേക്ക് എത്തും.