വാഹന പരിശോധന, യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ വേണം

0
628

ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്താൻ, വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതും അതുവഴി യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

കള്ളക്കടത്ത്, ഹവാല, മയക്കുമരുന്ന്, ആയുധം എന്നിവ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചാലും, അപകടകരമായ വിധത്തിൽ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടാലും മാത്രമേ വാഹനങ്ങൾ തടഞ്ഞു നിർത്താവൂ എന്നാണ് നിർദ്ദേശം.

ഒരു വാഹനം തടയണമെങ്കിൽ ഇൻസ്‌പെക്ടർ റാങ്കിലോ അതിന് മുകളിലോ ഉളള ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമാണെന്നും, ഹൈവേ ട്രാഫിക് സംബന്ധമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം അതാത് സ്ഥലത്തെ ഹൈവേ പോലീസ് വാഹനങ്ങൾക്കായിരിക്കുമെന്നും, ഇത് അതാത് ജില്ലാ പോലീസ് മേധാവിമാർ ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.

ട്രാഫിക് കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും, വീഡിയോയും മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ചുവരുന്ന പ്രവണത സംസ്ഥാനമെമ്പാടും വ്യാപിപ്പിക്കണമെന്നും, ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിന് ഡിജിറ്റൽ ക്യാമറകൾ, ട്രാഫിക് നിരീക്ഷണക്യാമറകൾ, മൊബൈൽ ഫോൺ ക്യാമറകൾ, വീഡിയോ ക്യാമറകൾ എന്നിവ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാര്യവും സംസ്ഥാന പോലീസ് മേധാവി ഓർമ്മിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള നൂതന സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ കുറ്റവാളികൾക്കെതിരെ പഴുതില്ലാത്ത തെളിവുകളോടെ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നും, ഹെൽമറ്റ് ഇല്ലാതെ യാത്രചെയ്യുന്നവരെയും, വാഹനം നിർത്താൻ ആവശ്യപ്പെടുമ്പോൾ വിസമ്മതിക്കുന്നവരെയും രജിസ്‌ട്രേഷൻ നമ്പർ മനസ്സിലാക്കി പിടികൂടാൻ കഴിയുമെന്നും ബെഹ്റ ഓർമിപ്പിക്കുന്നു.

ഹെൽമറ്റ് ധരിക്കാത്തതിന് ഇരുചക്രവാഹന യാത്രക്കാരെ ഒരുകാരണവശാലും ഓടിച്ചിട്ട് പിടിക്കരുതെന്നും, ഡ്രൈവർ വാഹനം നിർത്തുമെന്ന ധാരണയിൽ പോലീസ് ഉദ്യോഗസ്ഥർ റോഡിന്റെ മധ്യത്തിലേക്ക് ചാടിവീണ് തടയാൻ ശ്രമിക്കരുതെന്നും ഇത് യാത്രക്കാരന്റെയും പോലീസുദ്യോഗസ്ഥന്റെയും ജീവന് ഭീഷണിയാകുമെന്നുമുളള കോടതി നിരീക്ഷണവും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിർദ്ദേശങ്ങൾ അവഗണിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here