വീടുകളിൽ വൈൻ നിർമ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന തരത്തിൽ വന്ന വാർത്തയിൽ വസ്തുത ഇല്ലെന്ന് എക്സൈസ് മന്ത്രി ടിപി. രാമകൃഷ്ണൻ. വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാൽ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം എക്സൈസ് കേസെടുക്കും എന്ന തരത്തിലുള്ള വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു.അതേ സമയം പഴങ്ങളിൽ വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാം എന്ന കാർഷിക സർവ്വകലാശാല നൽകിയ റിപ്പോർട്ട് തത്വത്തിൽ അംഗീകരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നും ഇതിൽ തുടര്‍ നടപടികളൊന്നും എടുത്തിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും, നിയമവിധേയമായ കാര്യങ്ങൾ മാത്രമേ ഈ സർക്കാർ പിന്തുണയ്ക്കുകയുള്ളുവെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉന്നയിച്ച സിനിമ സൈറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികൾ സർക്കാരിന്റെ മുന്നിൽ എത്തിയിട്ടില്ല എന്നും, ആരോപണങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.