കഴിഞ്ഞ വർഷം ആറു കോടി ക്രിസ്മസ് ബമ്പർ ലോട്ടറി അടിച്ച രത്‌നാകരൻ പിള്ളയെ തേടി വീണ്ടും ഭാഗ്യമെത്തി. ലോട്ടറി അടിച്ച പണം കൊണ്ട് വാങ്ങിയ സ്ഥലം കുഴിച്ചപ്പോൾ കിട്ടിയത് 2600 പുരാതന നാണയങ്ങളുടെ നിധി!കിളിമാനൂർ കീഴ്‌പേരൂരിലാണ് പുരയിടത്തിൽ നിന്നും രാജഭരണ കാലത്തെ നാണയങ്ങൾ കണ്ടെത്തിയത്. പറമ്പിൽ കിളക്കുന്നതിനിടയ്ക്ക് ഒരു കുടം ശ്രദ്ധയിൽപ്പെടുകയും, സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പഴയകാലത്തെ നാണയങ്ങളാണെന്ന് മനസിലാകുകയും ചെയ്തത്. ചിത്തിര തിരുനാളിന്റെ കാലത്തെ ശംഖു ചക്രങ്ങളാണ് കിട്ടിയിട്ടുള്ളത്. വിവരം ഉടൻ പോലീസിൽ അറിയിക്കുകയും, കിളിമാനൂർ പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും, തുടർന്ന് പുരാവസ്തു അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയുടെ കാലത്തെ ചക്രങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. 20 കിലോ തൂക്കമുള്ള 2600 ഓളം നാണയങ്ങലുള്ള കുടമാണ് കണ്ടെത്തിയത്. അന്നത്തെ മൂല്യം അനുസരിച്ച് ആയിരം ഏക്കർ ഭൂമി വാങ്ങാൻ കഴിയുമായിരുന്നു എന്നാണ് പുരാവസ്തു അധികൃതർ പറയുന്നത്.ചില നാണയങ്ങളിൽ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ മുഖചിത്രവും, ബാലരാമവർമ മഹാരാജ ഓഫ് ട്രാവൻകൂർ എന്ന് ഇംഗ്ലിഷിൽ രേഖപ്പെടുത്തലുമുണ്ട്.. ഒന്നര വർഷം മുൻപാണ് രത്‌നാകരൻ പിള്ള ഈ 27 സെന്റ് സ്ഥലം വാങ്ങിയത്.പലതും ക്ലാവ് പിടിച്ചതിനാൽ ലാബിൽ പരിശോധന നടത്തിയാൽ മാത്രമേ നാണയത്തിന്റെ യഥാർത്ഥ പഴക്കം അറിയാൻ സാധിക്കൂ എന്നും ക്ഷേത്രവും സ്ഥലവും കൂടുതൽ പരിശോധിക്കാൻ വീണ്ടും എത്തുമെന്നും പുരാവസ്തു വകുപ്പ് അറിയിച്ചു.സാമൂഹിക സേവന രംഗത്ത് സജീവമായുള്ള പിള്ളയ്ക്ക്, ഇപ്പോൾ കണ്ടെത്തിയ വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തി തക്കതായ പ്രതിഫലം നൽകുമെന്ന് പുറവസ്‌തുവകുപ്പ് അറിയിച്ചിട്ടുണ്ട്