ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് സൈനികർ ഉൾപ്പടെ മരിച്ചതിന്റെ മുറിവ് ഉണങ്ങും മുൻപ് കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് മഞ്ഞുമല ഇടിഞ്ഞു വീണ് മലയാളി ഉൾപ്പടെ നാലു സൈനികർ മരിച്ചു.കരസേനയിൽ നഴ്സിങ് അസിസ്റ്റന്റായ തിരുവനന്തപുരം പൂവച്ചൽ സ്വദേശി അഖിൽ ആണ് മരിച്ചത്. മരണത്തെ സംബന്ധിച്ചുള്ള അറിയിപ്പ് സൈന്യത്തിൽ നിന്ന് അഖിലിന്റെ ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. അഖിലിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്നും സൈന്യം അറിയിച്ചു.കുപ്വാര ജില്ലയിലെ തങ്ധർ പ്രദേശത്തും, ബന്ദിപ്പോരയിലെ ഗുറേസ് സെക്ടറിലുമാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. തങ്ധറിൽ നാലു സൈനികരാണ് മഞ്ഞിനടിയിൽപ്പെട്ടത്. ഇവരിൽ ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഗുറേസ് സെക്ടറിൽ മഞ്ഞുമല ഇടിഞ്ഞുവീണ് രണ്ട് സൈനികരാണ് മഞ്ഞിനടിയിൽ കുടുങ്ങിയത്. ഇതിൽ ഒരാളെ ജീവനോടെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിനിടെ രണ്ടാമത്തെ സൈനികന്റെ മൃതദേഹവും കണ്ടെത്തി.