ചികിത്സയുടെ ആവശ്യത്തിനായി ആറുമാസത്തോളം അവധിയിൽ പോകുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പകരം പുതിയ സെക്രട്ടറി വന്നേക്കും.ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ ഒന്നര മാസക്കാലമായി സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് കോടിയേരി വിട്ടുനിൽക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ അഭാവത്തിൽ സംസ്ഥാന സെന്ററിന്റെ നേതൃത്വത്തിലാണ് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക് പോയിരുന്ന കോടിയേരിക്ക് ചികിത്സ തുടരേണ്ടത് ആവശ്യമായതിനാലാണ് അദ്ദേഹം അവധിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. കോടിയേരിയുടെ അവധി അപേക്ഷയിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും.കോടിയേരിക്ക് എം.എ.ബേബിയെ സംസ്ഥാന സെക്രട്ടറിയായി നിയമിക്കാനാണ് സാധ്യത. എം.എ. ബേബിയെ പരിഗണിച്ചില്ലെങ്കിൽ ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ തുടങ്ങിയവരിൽ ഒരാൾക്കും സാധ്യതയുണ്ട്. ഇനി അഥവാ മന്ത്രിസഭയിൽ നിന്നുമാണ് സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് എങ്കിൽ മന്ത്രിസഭാ പുനഃസംഘടനയും ഇതോടൊപ്പം ഉണ്ടാകും.