സ്വിങ് കൊണ്ടും, പേസ് കൊണ്ടും ബാറ്സ്മാന്മാരെ വെള്ളം കുടിപ്പിക്കുന്ന ഇന്ത്യൻ പേസ് സെൻസേഷൻ ജസ്പ്രീത് ബൂംറ വെറും ബേബിയാണെന്ന് മുൻ പാക് ഓൾറൗണ്ടർ അബ്ദുൾ റസാഖ്.
ഏകദിനത്തിൽ ഒന്നാം റാങ്കും, ടെസ്റ്റിൽ അഞ്ചാം റാങ്കും കയ്യാളുന്ന താരത്തെ കുറിച്ചാണ് മുൻ പാക്കിസ്ഥാൻ ക്രിക്കറ്ററുടെ പരിഹാസം. പണ്ട് പാക്കിസ്ഥാനിൽ ഓരോ തെരുവിലും ഓരോ ഇർഫാൻ പത്താന്മാർ ഉണ്ടെന്ന് പറഞ്ഞ് മിയാൻദാദ് കളിയാക്കിയതിനും ഒരുപടി മേലെ കടന്നാണ് റസാഖിന്റെ ആക്രമണം.
‘ഇൻസൈഡ് ഔട്ട് വിത്ത് യൂസഫ് അൻജും’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് റസാഖ് ഇത്തരമൊരു പരാമർശം നടത്തിയത്.
ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ലോകോത്തര ബൗളർമാരായ മഗ്രാത്ത്, അക്തർ, വസീം അക്രം എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ട്, അതുകൊണ്ട് എന്റെ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ബൂംറയെ നേരിടാൻ എനിക്ക് യാതൊരു പ്രശ്നവുമില്ല. എന്നെ നേരിടുമ്പോൾ സമ്മർദം ബൂംറയ്ക്കാകും. എന്നെ സംബന്ധിച്ച് ബൂംറ ഒരു ബേബി ബൗളറാണ്, എനിക്ക് അനായാസം അവനുമേൽ ആധിപത്യം സ്ഥാപിക്കാനാകും എന്നിങ്ങനെയായിരുന്നു റസാഖിന്റെ വീരവാദം.