
രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം പുകയുന്നു. ത്രിപുരയിലും, അസമിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതോടെ കലാപസമാനമാണ് നിലവിലെ സ്ഥിതി.
രോഷാകുലരായ ജനങ്ങൾ അനവധി വാഹങ്ങൾക്ക് തീയിട്ടതോടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അസമിലും സ്ഥിതി വ്യത്യസ്തമല്ല. ഗുവാഹത്തിയില്‍ ഇതിനോടകം അനിശ്ചിതകാലത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇതുവരെ പത്ത് ജില്ലകളിൽ ഇന്റർനെറ്റ്, മൊബൈൽ സംവിധാനങ്ങൾ വിച്ഛേദിച്ചു. പ്രക്ഷോഭകർ വ്യാപകമായി ട്രെയിൻ തടയുന്നതിനാൽ പന്ത്രണ്ടോളം സർവ്വീസുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്.
തെരുവിലിറങ്ങിയ യുവാക്കൾക്ക് പിന്തുണയുമായി അസമിൽ സർക്കാർ ജീവനക്കാരും പ്രതിഷേധം ആരംഭിച്ചു. അതേസമയം രണ്ടു സൈനികവ്യൂഹങ്ങളെ ത്രിപുരയിൽ വിന്യസിച്ചു എന്നും, ഒരു വ്യൂഹത്തെ അസമിൽ തയാറാക്കി നിർത്തിയിരിക്കുകയാണെന്നും കരസേന അറിയിച്ചു. കനത്ത പ്രതിഷേധത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ വിമാനത്താവളത്തിൽ കുടുങ്ങിയ അസം മുഖ്യമന്ത്രിയെ ശക്തമായ സുരക്ഷാ അകമ്പടിയിലാണ് ഔദ്യോഗിക വസതിയിൽ എത്തിച്ചത്.