ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്സഭ കടന്നു

0
877

ബിജെപി സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ഉൾപ്പെടുത്തിയിരുന്ന ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസ്സാക്കി. 311 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ, 80 അംഗങ്ങൾ ബില്ലിന് എതിരായി വോട്ട് രേഖപ്പെടുത്തി.

ഏഴ് മണിക്കൂറോളം നീണ്ട മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് ബിൽ പാസ്സായത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളിൽ വോട്ടെടുപ്പ് നടന്നു. കേരളത്തിൽ നിന്നുള്ള അംഗങ്ങളായ പി.കെ.കുഞ്ഞാലിക്കുട്ടി, ശശി തരൂര്‍, എ.എം.ആരിഫ്, എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവരുടെ ഭേദഗതി ശബ്ദ വോട്ടോടെ സഭ തള്ളുകയായിരുന്നു. ബുധനാഴ്ച ബിൽ രാജ്യസസഭ ചർച്ച ചെയ്യും.

അമിത്ഷാ ചർച്ചയിൽ പറഞ്ഞത്:
രോഹിൻഗ്യൻ അഭയാർത്ഥികൾക്ക് അഭയം നൽകില്ല.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഭരണഘടനാ പദവി റദ്ദാക്കില്ല
ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമെമ്പാടും നടപ്പിലാക്കും.

അഭയാര്‍ഥികള്‍ക്ക് അവകാശങ്ങള്‍ നല്‍കാനാണ് ബില്ലെന്നും, ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നും, തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമല്ലെന്നും ഷാ വ്യക്തമാക്കി. മതത്തിന്റെ പേരില്‍ രാജ്യം വിഭജിച്ചതിനാലാണ് ഇത് നടപ്പിൽ വരുത്തിയതെന്നും, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാമെന്ന വിഭജനസമയത്തെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും ഷാ കൂട്ടിച്ചേർത്തു.

പൗരത്വ ബിൽ ലോക്സഭയിൽ കീറിയെറിഞ്ഞ് അസദുദീന്‍ ഒവൈസി പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്നും ഒവൈസി ആരോപിച്ചു. വിവാദമായ ബിൽ പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനെ വോട്ടെടുപ്പിലൂടെ മറികടന്നാണ് അവതരിപ്പിച്ചത്. പൗരത്വം മതത്തിന്‍‌റെ അടിസ്ഥാനത്തിലാക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് എതിരാണെന്നും, ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണ് ബില്ലെന്നും പറഞ്ഞായിരുന്നു പ്രതിപക്ഷം ബില്ലിനെ എതിർത്തത്.

എന്നാൽ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വിഭജനം നടത്തിയത് കോണ്‍ഗ്രസ് ആണെന്ന് അമിത് ഷാ തിരിച്ചടിച്ചു. 1974ല്‍ ബംഗ്ലദേശില്‍ നിന്ന് വന്നവര്‍ക്ക് മാത്രം ഇന്ദിരാ ഗാന്ധി പൗരത്വം നല്‍കിയത് എന്തിനായിരുന്നുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരില്ലെന്നും, അയല്‍രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുകയാണ് ലക്ഷ്യമെന്നും ഷാ പറഞ്ഞു.

നാടീകരംഗങ്ങളാണ് ബിൽ അവതരണത്തിന് മുൻപ് സഭയില്‍ അരങ്ങേറിയത്. 293 അംഗങ്ങൾ അവതരണത്തെ അനുകൂലിച്ചു. മഹാരാഷ്ട്രയിൽ എതിര് നിന്ന ശിവസേനയും, ബിജെഡിയും, ടിഡിപിയും സര്‍ക്കാരിനൊപ്പം നിന്നു. കോണ്‍ഗ്രസും, ഇടതുപാര്‍ട്ടികളും, മുസ്‍ലിം ലീഗും ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികളിലെ 82 അംഗങ്ങള്‍ എതിര്‍ത്തു.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‍ലിംകള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കാനാണ് ഭേദഗതി‌. അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകള്‍ക്ക് ബില്‍ ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശന പെര്‍മിറ്റ് ആവശ്യമായ മേഖലകളും ബില്ലിന്‍റെ പരിധിയില്‍ വരില്ല.

LEAVE A REPLY

Please enter your comment!
Please enter your name here