ശബരിമല ചവിട്ടാൻ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നൽകിയ റിട്ട് ഹർജി സുപ്രീം കോടതി ഈ വെള്ളിയാഴ്ച പരിഗണിക്കും. പുതിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ബെഞ്ചിൽ ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റ് അംഗങ്ങൾ.
ചീഫ് ജസ്റ്റിസിനൊപ്പം രഹ്നയുടെ ഹർജി കേൾക്കുന്ന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.എസ് ഗവായ്, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് നിലവിൽ ശബരിമലയിൽ പ്രവേശിച്ച് കൂടെ എന്ന് മറ്റൊരു ബെഞ്ചിൽ അംഗം ആയിരിക്കെ ചോദിച്ചിരുന്നു.
അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ നൽകിയ തടസ്സ ഹർജിയും രഹ്ന ഫാത്തിമയുടെ ഹർജിയ്ക്കൊപ്പം ലിസ്റ്റ് ചെയ്തിട്ടുണ്ട്. രഹ്നയുടെ ഹർജിയിൽ കക്ഷി ചേരാൻ അരയ സമാജം സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.