ഓഫീസ് മെയിലുകൾ ഫോർവേഡ് ചെയ്തും, കിട്ടിയ ഫോർവേഡ് മെയിലുകളിൽ ഒരെണ്ണം തപ്പിയും ഇനി സമയം കളയണ്ട. ഓരോ മെയിലായി വന്ന് ഇൻബോക്‌സ് നിറയുന്ന പരിപാടി അവസാനിപ്പിക്കാനുള്ള പദ്ധതിയുമായി ജിമെയിൽ എത്തിയിരിക്കുകയാണ്.
നിങ്ങൾ ഒരു മെയിലിനൊപ്പം ഫോർവേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന സകലമാന മെയിലുകളും അറ്റാച്ച് ചെയ്യാനുള്ള നൂതന വിദ്യയുമായാണ് ഗൂഗിൾ വരുന്നത്. ഒരുപാട് മെയിലുകൾ ഫോർവേഡ് ചെയ്യുന്നതിന് പകരമായി ഒരൊറ്റ മെയിലിൽ ഇതൊക്കെ അറ്റാച്ച് ചെയ്ത് പ്രശ്നം തീർക്കാം.
ഇതിനായി നിങ്ങൾ ജിമെയിലിൽ കംപോസ് ഓപ്‌ഷൻ തുറന്നതിന് ശേഷം, ഫോർവേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഇമെയിലുകൾ അതിലേക്ക് ഡ്രാഗ് ചെയ്യുകയോ അല്ലെങ്കിൽ ഫോർവേഡ് ചെയ്യേണ്ട ഇമെയിലുകൾ ഓരോന്നായി തിരഞ്ഞെടുത്ത് മുകളിലെ ഓവർ ഫ്ളോ മെനുവിൽ നിന്നും ‘ഫോർവേഡ് ആസ് അറ്റാച്ച്മെന്റ്’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുകയോ ചെയ്താൽ മതി.
ഏറ്റവും ഉപകാരപ്രദമായിട്ടുള്ള ഈ പുതിയ ഫീച്ചർ ഘട്ടം ഘട്ടമായാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക. ജിമെയിലിൽ ഇൻബോക്സിന് മുകളിലായുള്ള ത്രീ ഡോട്ട് മെനുവിൽ ‘ഫോർവേഡ് ആസ് അറ്റാച്ച്മെന്റ്’ ഓപ്ഷൻ വന്നതിന് ശേഷം ഈ സൗകര്യം നിങ്ങൾക്ക് ഉപയോഗിച്ച് തുടങ്ങാം.