മിസോറാം സംസ്ഥാന കായികമേളയിലെ വോളിബോൾ മത്സരത്തിൽ പങ്കെടുത്ത ലാൽവെന്റു ലാംഗിയെന്ന കായിക താരത്തിന്റെ പ്രവൃത്തി ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വോളിബോൾ കളിയിലെ ഇടവേളയിൽ തന്റെ ഏഴുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മുലയൂട്ടുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. മത്സരത്തിന്റെ ആദ്യദിവസത്തിലെ കാഴ്ചയായിരുന്നു ഇത്. മാതൃത്വത്തിന്റെ ധീരവും, മഹനീയവുമായ മാതൃകയായാണ് ഈ ചിത്രം ശ്രദ്ധ നേടുന്നത്.
നീഗ്ലുംഹംഗാൾ എന്നയാളാണ് അടിക്കുറിപ്പോടെ മാതൃത്വത്തിന്റെ മഹത്തരമായ ഈ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഒരു കായികതാരമായിരിക്കുമ്പോൾ തന്നെ ഒരമ്മയെന്ന തന്റെ കടമകൾ വീഴ്ചയില്ലാതെ നിറവേറ്റുന്ന ലാലിനെ പിന്തുണച്ച് കൊണ്ടും, അഭിനന്ദിച്ച് കൊണ്ടും നിരവധി ആളുകൾ ചിത്രം പങ്കുവച്ചിട്ടുണ്ട്. ട്വിറ്ററിൽ ചിത്രം പങ്കുവച്ച് കൊണ്ട് മിസോറാമിന്റെ കായികമന്ത്രി 10,000 രൂപ പാരിതോഷികം താരത്തിന് പ്രഖ്യാപിച്ചും കഴിഞ്ഞു.