ശൂന്യതയിൽ നിന്ന് വെള്ളം കുടിയ്ക്കണോ? അതും കുപ്പിയിൽ നിറച്ച്? എങ്കിൽ താമസിക്കണ്ട, നമ്മുടെ റെയിൽവേ വായുവിൽ നിന്ന് കുടിവെള്ളം നിർമ്മിച്ച് യാത്രക്കാർക്ക് നൽകുന്നു.
സൗത്ത് സെൻട്രൽ റെയിൽവെ ഇതാദ്യമായി സെക്കന്ദരാബാദ് റെയിൽവെ സ്റ്റേഷനിൽ ഈ ‘വായുവിൽ നിന്നുള്ള വെള്ളം’ സംവിധാനം സ്ഥാപിച്ചുകഴിഞ്ഞു. ‘മേഘദൂത്’ എന്നാണിതിന് പേര് നൽകിയിരിക്കുന്നത്.
മേക്ക് ഇൻ ഇന്ത്യയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി ‘മൈത്രി അക്വാടെക്’ ആണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സ്ഥാപിച്ചിരിക്കുന്ന കിയോസ്ക് വഴി പ്രതിദിനം 1000 ലിറ്റർ വെള്ളം വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്.
എയർ ഫിൽറ്റർ വഴി വായുവിൽനിന്ന് ആദ്യം ജലകണം ആഗിരണം ചെയ്ത ശേഷം, ജലകണം കണ്ടൻസർ പ്രതലത്തിലൂടെ കടത്തിവിട്ട്, ധാതുക്കൾ വേർത്തിരിച്ച് ശുദ്ധീകരിച്ച ശേഷം കുടിവെള്ളമായി നൽകുന്നു.
രണ്ടു രൂപമുതൽ എട്ടു രൂപ വരെയാണ് ഇത്തരത്തിൽ ശേഖരിക്കുന്ന കുടുവെള്ളത്തിന് റെയിൽവേ ഈടാക്കുക. സ്വന്തമായി കുപ്പി കൊണ്ടുവരുന്നവർക്ക് ലിറ്ററിന് 5 രൂപ എന്ന നിരക്കിലും, കുപ്പിയിൽ നിറച്ച ഒരു ലിറ്റർ കുടിവെള്ളത്തിന് എട്ട് രൂപ എന്ന നിരക്കിലും കുടിവെള്ളം ലഭ്യമാകും.
300 മില്ലീലിറ്റർ വെള്ളം ഗ്ലാസ് അടക്കം മൂന്നു രൂപയ്ക്ക് ലഭിക്കും. പാത്രം കയ്യിലുണ്ടെങ്കിൽ രണ്ട് രൂപ നൽകിയാൽ മതിയാകും. 500മില്ലി വെള്ളത്തിന് 5 രൂപയും, കുപ്പികയ്യിലുണ്ടെങ്കിൽ മൂന്നുരൂപയും നൽകണം.