അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇറാന്‍ പാര്‍ലമെന്റിലാണ് പ്രഖ്യാപനം. പെന്റഗണേയും ഭീകരരുെട പട്ടികയില്‍ പെടുത്തി. ഇവരെ സഹായിക്കുന്നത് ഭീകരപ്രവര്‍ത്തനമായി കണക്കാക്കും. കുദ്സ് സേനയെ ശക്തിപ്പെടുത്താന്‍ 1605 കോടി രൂപ അനുവദിച്ചു.
അതേസമയം, ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍. ഇറാന്‍ വിദേശകാര്യമന്ത്രിക്ക് യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള വീസ അമേരിക്ക നിഷേധിച്ചു. ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മസ്ഥലമായ കെര്‍മനിലെത്തി.
രാജ്യത്തുനിന്ന് അമേരിക്കന്‍ സൈന്യം ഒഴിഞ്ഞുപോകണമെന്ന് ഇറാഖ് പാര്‍ലമെന്‍റ് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പെന്‍റഗണ്‍ നിലപാട് വ്യക്തമാക്കിയത്. 5,000 ത്തോളം വരുന്ന അമേരിക്കന്‍ സൈനികര്‍ ഇറാഖില്‍ തുടരും. ഇറാന്‍ യുഎസ് യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സൈന്യം പിന്‍മാറണമെന്ന് ഇറാഖ് ആവശ്യപ്പെട്ടത്. സൈനികപിന്‍മാറ്റത്തിന് ശഠിച്ചാല്‍ ഇറാഖിനെതിരെ ഉപരോധങ്ങള്‍ കൊണ്ടുവരുമെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ജന്‍മനാടായ കെര്‍മനിലും ലക്ഷക്കണത്തിന് ജനം അണിനിരന്നു. സുലൈമാനിയുടെ വധത്തിന് അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടിനല്‍കുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.
ഒളിപ്പോരല്ല ഇറാന്‍ സൈനികശേഷി തെളിയിക്കുന്ന മറുപടിയാണ് അമേരിക്കയ്ക്ക് നല്‍കേണ്ടതെന്ന് പരമോന്നത നേതാവ് അയത്തുള്ള ഖമയിനി നിര്‍ദേശിച്ചു. ഇറാന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിനോടാണ് ഖമയിനി ഇങ്ങനെ നിര്‍ദേശിച്ചത്. അതേസമയം ഖുദ്സ് ഫോഴ്സിന്‍റെ പുതിയ തലവനായി നിയമിതനായ ഇസ്മയില്‍ ഖാനി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ തലയ്ക്ക് 576 കോടി രൂപ വിലയിട്ടു. ദയയില്ലാത്ത തിരിച്ചടിയാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്നും ഖാനി പറഞ്ഞു. അമേരിക്ക വീസ നിഷേധിച്ചതിനാല്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹ്ഹമദ് ജാവേദ്ഷറിഫിന് യുഎന്‍ രക്ഷാസമിതി സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ല.