അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ രഹസ്യസേന തലവന്‍ ഖാസിം സുലൈമാനിയുടെ കബറടക്കച്ചടങ്ങുകള്‍ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരുക്കേറ്റു. ഇതേതുടര്‍ന്ന് സംസ്കാരം മാറ്റിവച്ചു. കബറടക്കത്തിനായി വിലാപയാത്ര, സുലൈമാനിയുടെ ജന്‍മനഗരമായ കെര്‍മനില്‍ എത്തിയപ്പോഴാണ് ദുരന്തമുണ്ടായതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ടുചെയ്തു.
മൃതദേഹവും വഹിച്ചുള്ള വാഹനത്തിന് സമീപം നേതാവിനെ കാണാനുള്ള തിക്കുംതിരക്കും ഉണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയ ഇറാന്‍ മെഡിക്കല്‍ സര്‍വീസസ് മേധാവി അപകടം സ്ഥിരീകരിച്ചു. ടെഹ്റാന്‍ സര്‍വകലാശാലയില്‍ നിന്നാണ് വന്‍ ജനാവലിയുടെ അകമ്പടിയോടെ വിലാപയാത്ര ആരംഭിച്ചത്. തുടര്‍ന്ന് വിശുദ്ധ നഗരമായ ക്യോം പിന്നിട്ടാണ് ഖാസിം സുലൈമാനിയുടെ ജന്‍മനഗരത്തില്‍ എത്തിച്ചേര്‍ന്നത്. പതിനായിരങ്ങളാണ് ഓരോ നഗരത്തിലും എത്തുമ്പോള്‍ വിലാപയാത്രയെ അനുഗമിക്കുന്നത്. ടെഹ്റാനില്‍ മാത്രം പത്തുലക്ഷത്തിലധികം പേര്‍ ചടങ്ങിന്റെ ഭാഗമായിട്ടുണ്ട്.