ഡല്‍ഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; ഇനി ‘രാജ്യഹൃദയം’ പിടിക്കാന്‍ പോരാട്ടം

0
847

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അടുത്തമാസം 8ന്. 11നാണ് വോട്ടെണ്ണല്‍. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടെയാണ് രാജ്യതലസ്ഥാനം വിധിയെഴുതുന്നത്. ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് ത്രികോണമല്‍സരമാണ് നടക്കുക.

തണുത്തുവിറയ്ക്കുന്ന, പ്രക്ഷോഭങ്ങള്‍ തിളച്ചുമറിയുന്ന ഡല്‍ഹി നിയമസഭാ പോരാട്ടത്തിലേയ്ക്ക്. 1,46,92,136 വോട്ടര്‍മാര്‍. 13,750 പോളിങ് സ്റ്റേഷനുകള്‍. എഴുപത് നിയമസഭാ മണ്ഡ‍ലങ്ങള്‍. ഈ മാസം 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷമ പരിശോധന. ഫെബ്രുവരി 8ന് ഒറ്റഘട്ടമായി വോട്ടെടുപ്പ്. 11ന് വോട്ടെണ്ണല്‍. 13ന് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകും. നിലവിലെ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന അവസാനിക്കും. കേന്ദ്ര‌ ബജറ്റില്‍ ഡല്‍ഹിക്കായി പ്രഖ്യാപനങ്ങള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യമുണ്ടാകും.

വികസനത്തിന് വോട്ടുകിട്ടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ആംആദ്മിപാര്‍ട്ടിയെ ഡല്‍ഹി കൈയ്യൊഴിയുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും പ്രതികരിച്ചു. വെള്ളത്തിനും വൈദ്യതിക്കുമുള്ള സൗജന്യവും വിദ്യാഭ്യാസ, ആരോഗ്യമേഖലയിലെ മാറ്റങ്ങളും ഉള്‍പ്പെടെ ഭരണനേട്ടങ്ങളാണ് കേജ്‍രിവാളിന്‍റെ പ്ലസ് പോയിന്‍റ്. 70ല്‍ 67 സീറ്റും നേടിയാണ് എഎപി അധികാരം പിടിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് തൂത്തുവാരിയതും ഡല്‍ഹിയിലെ അധികൃത കോളനികള്‍ ക്രമപ്പെടുത്തിയതും ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നു. ഷീല ദീക്ഷിതിന്‍റെ മരണശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here