ലോകത്തെ മുള്‍മുനയില്‍നിര്‍ത്തി ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. അര്‍ധരാത്രിയോടെ അമേരിക്കന്‍ എംബസിക്കുസമീപമാണ് രണ്ട് റോക്കറ്റുകള്‍ പതിച്ചത്. അമേരിക്കന്‍ ദൗത്യസേനാതാവളവും ഇതിനു സമീപത്താണുള്ളത്. ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച ഇറാഖ് സേന ആളപായമില്ലെന്ന് അറിയിച്ചു. റഷ്യന്‍ നിര്‍മിത കറ്റ്യൂഷ റോക്കറ്റുകളാണ് പതിച്ചത്. അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ബലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ഇരുപത്തിനാല് മണിക്കൂര്‍ ശേഷമാണ് ലോകത്തെ നടുക്കി വീണ്ടും റോക്കറ്റാക്രമണം ഉണ്ടായത്.
അതേസമയം, അമേരിക്കന്‍ പ്രസിഡന്‍റായിരിക്കുന്ന കാലത്തോളം ഇറാനെ ആണവായുധം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ്. ഇറാന്‍റെ ആക്രമണത്തില്‍ ഒരൊറ്റ സൈനികനുപോലും ജീവഹാനി ഉണ്ടായിട്ടില്ല. ഇറാനുമേലുള്ള ഉപരോധം തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ നടത്തിയ ആദ്യ ആക്രമണത്തിനുശേഷം പ്രതികരിക്കുകയായിരുന്നു ട്രംപ്.
ഇറാഖിലെ സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണം അമേരിക്ക സ്ഥിരീകരിച്ചതോടെ ഏറെ ആകാംഷയോടെയാണ് ട്രംപിന്‍റെ അഭിസംബോധനയെ ലോകം ഉറ്റുനോക്കിയത്. ഇറാനെ ആണവായുധം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ട്രംപ്, ഇറാന്‍റെ ആക്രമണത്തില്‍ തങ്ങളുടെയോ ഇറാഖിന്‍റെയോ സൈന്യത്തിന് ജീവഹാനി ഉണ്ടായിട്ടില്ലെന്നും അറിയിച്ചു
അമേരിക്ക വധിച്ച ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വീണ്ടും ആഗോള തീവ്രവാദിയെന്ന് ട്രംപ് വിശേഷിപ്പിച്ചു. സുലൈമാനിയുടെ മരണം വളരെ നേരത്തെ ഉണ്ടാകേണ്ടതായിരുന്നുവെന്നും പറഞ്ഞുവച്ചു. ഇറാനുമേലുള്ള ഉപരോധം തുടരുമെന്നറിയിച്ച ട്രംപ് ആണവായുധത്തിന് വേണ്ടിയുള്ള ആഗ്രഹം ഉപേക്ഷിക്കാന്‍ ഇറാന് മുന്നറിയിപ്പും നല്‍കി.
തങ്ങളുടെ പൗരന്‍മാരെ ലക്ഷ്യമിട്ടാല്‍ ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് നേരത്തെ നല്‍കിയ മുന്നറിയിപ്പ് നിലനില്‍ക്കെത്തന്നെ നിലവിലുണ്ടായിരുന്ന യുദ്ധഭീതിയെ ഒഴിവാക്കുകയാണ് ഡോണള്‍ഡ് ട്രംപ് ചെയ്തത്.