മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ ട്രയല്‍ റണ്‍ ഇന്ന്. നാളെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായാണ് സ്ഫോടന ദിനത്തിലെ എല്ലാ സന്നാഹങ്ങളും ഒരുമിച്ചുള്ള ട്രയല്‍. പ്രകമ്പനം പഠിക്കാനെത്തിയ ഐ.ഐ.ടി.സംഘം ഫ്ലാറ്റുകള്‍ക്ക് ചുറ്റും 11 ഇടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കും.
മരടിലെ മൂന്ന് ഫ്ലാറ്റുകളില്‍ സ്ഫോടനത്തിന് നേതൃത്വം നല്‍കുന്ന ജെറ്റ് ഡിമോളിഷന്‍സ് രണ്ട് മാസം മുന്‍പ് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗില്‍ നടത്തിയ നിയന്ത്രിത സ്ഫോടനത്തിന്റെ ദൃശ്യങ്ങളാണ് ഇത്. തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കൊന്നിനും കേടുപാടുകള്‍ ഏതുമില്ലാതെയാണ് ബാങ്ക് ഓഫ് ലിസ്ബന്റെ കെട്ടിടം സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിലംപതിച്ചത്. ഈ കെട്ടിടം പൊളിക്കുമ്പോള്‍ എടുത്തതിന് സമാനമായ മുന്നൊരുക്കങ്ങളാണ് പൊളിക്കല്‍ കമ്പനികള്‍ മരടിലും സ്വീകരിച്ചിരിക്കുന്നത്
ഫ്ലാറ്റുകളില്‍ എല്ലാം സ്ഫോടക വസ്തുക്കള്‍ നിറച്ചുകഴിഞ്ഞു. ഫ്ലാറ്റില്‍ നിന്ന് 100 മീറ്റര്‍ അകലെ സ്ഫോടനം നിയന്ത്രിക്കുന്ന സ്ഥലത്തേക്ക് ഡിറ്റനേറ്ററുകള്‍ വഴി സ്ഫോടക വസ്തുക്കളെ ബന്ധിപ്പിക്കുന്ന ജോലിയാണ് ഇനി ബാക്കിയുള്ളത്. മൂന്നിടങ്ങളില്‍ സ്ഫോടനം നിയന്ത്രിക്കാന്‍ കണ്ട്രോള്‍ റൂമുകള്‍ സജജമാക്കും. സ്ഫോടന ദിവസം ചുമതലയില്‍ ഉള്ള മുഴുവന്‍ സന്നാഹങ്ങളും അണിനിരത്തിക്കൊണ്ടാവും നാളെ രാവിലെ 9 മണി മുതല്‍ ട്രയല്‍ റണ്‍. സുരക്ഷാ അലാറമടക്കം മരടില്‍ മുഴങ്ങും പ്രകമ്പനം പടിക്കാനായി മദ്രാസ് ഐ.ഐ.ടിയില്‍ നിന്നെത്തിയ സംഘം നാളെ ഫ്ലാറ്റുകള്‍ക്ക് ചുറ്റും പത്തിടങ്ങളില്‍ സ്ട്രെയിന്‍ ഗേജസ് സ്ഥാപിക്കും.