അമിതവേഗം, തീവ്രവെളിച്ചം, ശബ്ദതീവ്രത; എല്ലാം അളക്കും; ഉടനടി കുടുങ്ങും; പുത്തൻ താരം

0
1168

റോഡിലെ നിയമലംഘനങ്ങൾ ഒപ്പിയെടുക്കാൻ ഇന്റർസെപ്റ്റർ റെഡി. ലേസർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർസെപ്റ്ററിൽ അമിതവേഗം, തീവ്രവെളിച്ചം, ശബ്ദതീവ്രത തുടങ്ങിയവ ഞൊടിയിടയിൽ അളക്കാനുള്ള ആധുനിക ഉപകരണങ്ങളുണ്ട്. സംസ്ഥാനത്ത് എത്തിച്ച 17 ഇന്റർസെപ്റ്ററുകളിൽ ഒന്ന് കണ്ണൂർ ജില്ലയിലാണ്.

വേഗപരിശോധന മാത്രമാണ് മോട്ടർ വാഹന വകുപ്പിന്റെ നിലവിലെ ഇന്റർസെപ്റ്റർ വാഹനങ്ങളിൽ ചെയ്യാൻ സാധിക്കുന്നത്. ഇത്രയും വിപുലമായ ഇന്റർ സെപ്റ്റർ ഇതാദ്യമായാണ് മോട്ടർ വാഹന വകുപ്പിനു ലഭിക്കുന്നത്. വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനും ശാസ്ത്രീയ മാർഗങ്ങളിലൂടെ നിയമ ലംഘനം കണ്ടെത്താനും ഇതുവഴി കഴിയും.

1. ലേസർ ബേസ്ഡ് സ്പീഡ് റഡാർ– ലേസർ ഉപയോഗിച്ച് കൃത്യമായി വേഗം കണ്ടെത്തുന്നു.

2. സൗണ്ട് ലവൽ മീറ്റർ– വാഹനങ്ങളുടെ ശബ്ദത്തിന്റെ തീവ്രത അളക്കുന്നു.

3. ലക്‌സ്മീറ്റർ– വാഹനങ്ങളുടെ ലൈറ്റുകളുടെ പ്രകാശതീവ്രത അളക്കുന്ന ഉപകരണം.

4. ആൽക്കോ മീറ്റർ– മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ കഴിയും.

5. ടിന്റഡ് മീറ്റർ– ഗ്ലാസിന്റെ സുതാര്യത അളക്കാൻ.

ഉടനടി കുടുങ്ങും
കുറ്റകൃത്യം ക്യാമറയിൽ പതിഞ്ഞാൽ ആ വാഹനത്തെ നേരിട്ട് കരിമ്പട്ടികയിൽ പെടുത്താൻ സാധിക്കും. ഇന്റർസെപ്റ്റർ ആർടി ഓഫിസിലെ സർവറുമായി നിരന്തരം ബന്ധത്തിലായിരിക്കും. നിയമ ലംഘനം രേഖപ്പെടുത്തി തെളിവ് സഹിതം ഉടമയുടെ വിലാസത്തിൽ അയയ്ക്കും.മൊബൈൽ ഫോണിലും നിയമലംഘന വിവരം നൽകും.
ഒന്ന് വീതം ജില്ലകൾക്ക്
ഓരോ ജില്ലകൾക്കും സംസ്ഥാനത്തെ മൂന്ന് റൂറൽ പൊലീസ് ജില്ലയ്ക്കുമാണ് 17 ഇന്റർസെപ്റ്റർ വാഹനങ്ങൾ. ഉപകരണങ്ങൾ അടക്കം ഒരു വാഹനത്തിനു 25 ലക്ഷം രൂപയാണ് ചെലവ്.

LEAVE A REPLY

Please enter your comment!
Please enter your name here