യുഎഇ കോടതികളുടെ വിധികള്‍ ഇനി ഇന്ത്യയില്‍ നടപ്പാക്കാം ; കേന്ദ്രം വിജ്ഞാപനമിറക്കി

0
1579

യുഎഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധികൾ ഇനി ഇന്ത്യയിലും നടപ്പാക്കാനാകും. ഇതു സംബന്ധിച്ച് കേന്ദ്രനിയമകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തികകുറ്റകൃത്യക്കേസുകളിൽ പ്രതിസ്ഥാനത്തുള്ള പ്രവാസികൾ നാട്ടിലെത്തിയാൽ യുഎഇയിലെ കോടതി വിധി ഇനി ഇന്ത്യയിൽ നടപ്പാക്കും.

ഇന്ത്യഗവൺമെൻറിൻറെ പുതിയ വിജ്ഞാപനം അനുസരിച്ച് യുഎഇ കോടതികളുടെ വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായി പരിഗണിച്ചായിരിക്കും വിധിനടപ്പാക്കുന്നത്. മുൻസിഫ് കോടതിയിൽ കക്ഷികൾ എക്സിക്യൂഷൻ പെറ്റീഷൻ നൽകിയാൽ യുഎഇയിൽ പുറപ്പെടുവിച്ച വിധി നടപ്പിലാക്കാൻ തീരുമാനമാകും. സാമ്പത്തിക കുറ്റകൃത്യങ്ങൾ, കുടുംബകേസുകൾ, ക്രെഡിറ്റ് കാർഡ്, ലോൺ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തുടങ്ങിയ കേസുകളുടെ വിധികൾ ഇന്ത്യയിൽ നടപ്പാക്കുന്നതിനാണ് അനുമതി.

യുഎഇ ഫെഡറല്‍ സുപ്രീംകോടതി, അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, ഫസ്റ്റ് ഇന്‍സ്റ്റന്‍സ്, അപ്പീല്‍ കോടതികള്‍, അബുദാബി നീതിന്യായ വകുപ്പ്, ദുബായ് കോടതി, റാസല്‍ഖൈമ നീതിന്യായ വകുപ്പ്, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി, ദുബായ് രാജ്യാന്തര സാമ്പത്തികകാര്യ കോടതി എന്നീ കോടതികളുടെ വിധികൾ ഇന്ത്യയിൽ നടപ്പാക്കാനാകുമെന്നും നിയമ നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here