ഇറാഖില്‍ വീണ്ടും ആക്രമണം; യുഎസ് എംബസിക്ക് സമീപം പതിച്ച് 5 റോക്കറ്റുകൾ

0
924

ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുള്ള യുഎസ് എംബസിക്കു സമീപം റോക്കറ്റാക്രമണം. അഞ്ച് റോക്കറ്റുകളാണ് എംബസിക്കു സമീപം ഞായറാഴ്ച രാത്രി പതിച്ചതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. വിദേശ രാജ്യങ്ങളുടെ എംബസി ഉൾപ്പെട്ട ഗ്രീൻ സോണിലായിരുന്നു റോക്കാറ്റാക്രമണം. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. ഇവിടെ നിന്നുള്ള വിഡിയോകളും ട്വിറ്ററിൽ പ്രചരിക്കുന്നു. ‘സുരക്ഷാ സ്ഥാനത്തേക്കു മാറുക’ എന്നു സ്പീക്കറിലൂടെ നിർദേശിക്കുന്നതും കേൾക്കാം.

ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യത്തിനെതിരെ 25നു ബഗ്ദാദിൽ വൻ പ്രതിഷേധ റാലി നടന്നിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും സമാനമായ ആക്രമണം എംബസിക്കു സമീപമുണ്ടായിരുന്നു. മൂന്നു റോക്കറ്റുകളാണ് അന്നു പതിച്ചത്. അന്നും മുന്നറിയിപ്പു സൈറൻ മുഴക്കുകയും സുരക്ഷിതസ്ഥാനത്തേക്കു മാറാൻ നിർദേശം നല്‍കുകയും ചെയ്തിരുന്നു. ഇത്തവണ എംബസിക്കു തൊട്ടടുത്താണ് റോക്കറ്റ് പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. ‌

ടൈഗ്രിസ് നദിയുടെ പടിഞ്ഞാറൻ തീരത്താണ് മിക്ക വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഗ്രീൻ സോൺ. ഇവിടെ നിന്ന് വൻ മുഴക്കം കേട്ടതായി വിദേശ മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്തു. ഏതാനും ദിവസത്തെ ഇടവേളയ്ക്കിടെയുണ്ടായ ആക്രമണങ്ങൾ മേഖലയിലെ അശാന്തിയേറ്റുന്നതുമായി.

ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖിൽ യുഎസ് വ്യോമാക്രമണത്തിൽ വധിച്ചതിനെത്തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്. എട്ടിന് ഇറാഖിലെ യുഎസിന്റെ സൈനികത്താവളത്തിനു നേരെ ഇറാന്റെ ആക്രമണവുമുണ്ടായിരുന്നു.

കാത്യുഷ റോക്കറ്റാക്രമണങ്ങളാണ് എംബസിക്കു സമീപം നേരത്തേ ഉണ്ടായിട്ടുള്ളത്. ഇത്തവണയും അതുതന്നെയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ആക്രമണങ്ങൾ ഏറ്റെടുക്കാൻ ഇതുവരെ ആരും തയാറായിട്ടില്ല.ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകൾ വന്നുവീഴുംവിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവർത്തനം. അതിവേഗത്തിൽ റോക്കറ്റുകളയയ്ക്കാനും സാധിക്കും.

രണ്ടാംലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഉപയോഗിച്ചിരുന്നതാണ് ഇവ. ഇറാനിലേക്കും ഇറാഖിലേക്കും ഇവ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറാനിൽ ഇവയുടെ നിർമാണ യൂണിറ്റുകളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here