കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ഉടന്‍ തുടങ്ങും. ബെയ്ജിങ്ങിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചൈനീസ് അധികൃതരുമായി ആശയവിനിമയം നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ ബാധിത പ്രദേശമായ ചൈനയിലെ വുഹാന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഇരുപത്തിയെട്ട് മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു. ഇവരുള്‍പ്പെടെ അറുപത്തിമൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വൈറസ് ബാധിത പ്രദേശത്ത് നിന്ന് രക്ഷ തേടുന്നത്. മക്കളെ എങ്ങനെയും നാട്ടിലെത്തിക്കണമെന്ന് മാതാപിതാക്കളും അഭ്യര്‍ഥിക്കുന്നു.
ഏറ്റവും കൂടുതല്‍ പേരെ കൊറോണ വൈറസ് ബാധിച്ച വുഹാന്‍ നഗരത്തിലാണ് എം.ബി.ബി.എസ് വിദ്യാര്‍ഥികളായ ഇരുപത്തിയെട്ട് മലയാളികളുള്ളത്. കൊറോണ ബാധിതരെ ചികില്സിക്കുന്ന ആശുപത്രിയുടെ സമീപത്താണ് ഇവരുടെ ഹോസ്റ്റല്‍. രോഗബാധിത പ്രദേശത്തു നിന്നും മറ്റ് നഗരങ്ങളിലേയ്ക്കോ അല്ലെങ്കില്‍ ഇന്ത്യയിലേയ്ക്കോ മാറ്റണമെന്നാണ് ഇവര്‍ ദിവസങ്ങളായി ആവശ്യപ്പെടുന്നത്. റോഡ് മാര്‍ഗം ഇവിടെ നിന്ന് മാറ്റുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പിന്നീട് അധികൃതര്‍ തീരുമാനം മാററി. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ഇടപെട്ട് വ്യോമമാര്‍ഗം ഇവരെ നാട്ടിലെത്തക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.
രോഗബാധയുളള പ്രദേശത്തു നിന്ന് പുറത്തേയ്ക്ക് ഗതാഗത നിയന്ത്രണമുള്ളതു കൊണ്ടു കൂടിയാണ് ഇവരെ മാറ്റുന്ന കാര്യത്തില്‍ അനിശ്ഛിതത്വം തുടരുന്നത്. വ്യോമമാര്‍ഗം ഇവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.