ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 427 ആയി. ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. ഇതില്‍ അന്‍പത്താറും വൈറസിന്റെ ഉറവിടമായ ഹുബൈ പ്രവിശ്യയിലാണ്. വൈറസ് ബാധിച്ചവരുടെ ചികില്‍സയ്ക്കായി വുഹാനില്‍ പത്തുദിവസം കൊണ്ട് നിര്‍മിച്ച ആയിരം കിടക്കകളുള്ള ആശുപത്രി തുറന്നു. ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് തുടരുമെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചു.
വൈറസ് ബാധ നിയന്ത്രണവിധേയമല്ലെന്നാണ് ചൈനയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ 2829 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ൈവറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 17205 ആയി. വൈറസ് ബാധ സംശയിക്കുന്ന 5,173 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രികളിലുളള 186 പേരുടെ നില അതീവ ഗുരുതരമാണ്. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ സ്ഥിതി അതീവഗുരുതരവും സങ്കീര്‍ണവുമാണെന്ന് രാജ്യാന്തര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെയുണ്ടായ 57 മരണങ്ങളില്‍ 56 എണ്ണവും ഹുബൈ പ്രവിശ്യയിലാണെന്നത് ഇത് വ്യക്തമാക്കുന്നു. ഹുബൈയിലെ മെഡിക്കല്‍ വിഭവങ്ങളുടെ ശേഖരം ആവശ്യത്തിനില്ലെന്ന് പ്രവിശ്യ ഗവര്‍ണര്‍ വ്യക്തമാക്കി. കൊറോണ വൈറസ് ബാധിതരെ ചികില്‍സിക്കാന്‍ വുഹാനില്‍ അടിയന്തരമായി പണിതആശുപത്രി തുറന്നു. ആശുപത്രിയിലേക്കായി സൈന്യത്തില്‍ നിന്ന് 1400 മെഡിക്കല്‍ ജീവനക്കാരെ നിയമിച്ചു. സാധാരണ നിലയില്‍ രണ്ടുവര്‍ഷം കൊണ്ട് തീരേണ്ട സംരംഭമാണ് ദിവസങ്ങള്‍ക്കൊണ്ട് പൂര്‍ത്തിയാക്കാനായതെന്ന് ൈചനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധ നേരിടാനുള്ള അടിയന്തര നടപടികള്‍ക്കായി കേന്ദ്രമന്ത്രിമാരുടെ കര്‍മസമിതി രൂപീകരിച്ചു. ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി, ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന്, വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ്, വനിതശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് സമിതി അംഗങ്ങള്‍.