അണ്ടര്‍ 19 ലോകകപ്പ്: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ

0
740

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍ . സെമിഫൈനലില്‍ പാക്കിസ്ഥാനെ 10 വിക്കറ്റിന് തോല്‍പിച്ചാണ് നീലപ്പടയുടെ ഫൈനൽ പ്രവേശനം .പാക്കിസ്ഥാന്‍ 172, ഇന്ത്യ 176/0.

യശസ്വി ജയ്സ്വാൾ സെഞ്ചുറിയും ദിവ്യാന്‍ഷ് സക്സേനയ്ക്ക് അര്‍ദ്ധസെഞ്ചുറിയും നേടി മികച്ച പ്രകടനം കാഴ്ച വച്ചു. ഫൈനലില്‍ ന്യൂസീലന്‍ഡ് – ബംഗ്ലദേശ് മല്‍സരവിജയികളെ ഇന്ത്യ നേരിടും.

തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ പാക്കിസ്ഥാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 88 പന്തും 10 വിക്കറ്റും ബാക്കിനിർത്തിയാണ് ഇന്ത്യ മറികടന്നത്.പാക്കിസ്ഥാന്റെ ഒന്നാം നമ്പർ ബോളർ ആമിർ അലിയെ സിക്സറിന് പറത്തിയാണ് ജയ്സ്വാൾ സെഞ്ചുറി തിക‍ച്ചതും ഇന്ത്യയെ വിജയത്തിലെത്തിച്ചതും.

ലോകകപ്പിലെ കന്നി സെഞ്ചുറി കുറിച്ച ജയ്സ്വാൾ 113 പന്തിൽ എട്ടു ഫോറും നാലു സിക്സും സഹിതം 105 റൺസുമായി പുറത്താകാതെ നിന്നു. സക്സേന 99 പന്തിൽ ആറു ഫോറുകൾ സഹിതം 59 റൺസെടുത്തു. ഈ ലോകകപ്പിൽ ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ചുറി കൂടിയാണ് ജയ്‌സ്വാളിന്റേത്. അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടർച്ചയായ നാലാം ജയമാണിത്. ഇതോടെ ലോകകപ്പ് വേദിയിലെ മുഖാമുഖങ്ങളിൽ ഇരു ടീമുകളുടെയും വിജയം അഞ്ചു വീതമായി. മാത്രമല്ല, അണ്ടർ 19 ലോകകപ്പിൽ 2010നു ശേഷം ഇതുവരെ പാക്കിസ്ഥാനോടു തോറ്റിട്ടില്ലെന്ന റെക്കോർഡും ഇന്ത്യൻ യുവനിര കാത്തുസൂക്ഷിച്ചു. കഴിഞ്ഞ തവണത്തെ സെമിയിൽ 203 റൺസിനായിരുന്നു ഇന്ത്യൻ ജയം.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 43.1 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി. മുറുക്കമാർന്ന ബോളിങ്ങിലൂടെ പാക്ക് ബാറ്റിങ് നിരയ്ക്ക് കടിഞ്ഞാണിട്ട ഇന്ത്യൻ ബോളർമാർ പാക്കിസ്ഥാനെ 172 റൺസിൽ ഒതുക്കുകയായിരുന്നു. പാക്ക് നിരയിൽ മൂന്നു പേർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ഇവരിൽ ഓപ്പണർ ഹൈദർ അലി (56), ക്യാപ്റ്റൻ റുഹൈൽ നാസിർ (62) എന്നിവർ അർധസെഞ്ചുറി നേടി. 21 റൺസെടുത്ത മുഹമ്മദ് ഹാരിസാണ് രണ്ടക്കം കണ്ട മൂന്നാമൻ. ഇന്ത്യയ്ക്കായി സുശാന്ത് മിശ്ര 8.1 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. കാർത്തിക് ത്യാഗി, രവി ബിഷ്ണോയി എന്നിവർ രണ്ടു വിക്കറ്റ് വീതം പിഴുതു. അഥർവ അങ്കൊലേക്കർ, യശ്വസി ജയ്‌സ്വാൾ എന്നിവർ ഓരോ വിക്കറ്റ് പങ്കിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here