കോട്ടയം ആയുർവേദ ആശുപത്രിയിലേക്കുള്ള റോഡ് നന്നാക്കാത്തതിൽ വൈക്കം നഗരസഭക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കോവിലകത്തുംകടവ് കണിയാംതോട് റോഡും മടിയത്തറ ആശുപത്രി റോഡുമാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. നാട്ടുകാരുടെ പരാതികളെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജനപ്രതിനിധികൾ അവഗണിക്കുന്നുവെന്നും പരാതി.
സർക്കാർആയുർവ്വേദ ആശുപത്രിയിലേക്കും മത്സ്യ മാർക്കറ്റിലേക്കും ഉൾപ്പെടെ നീളുന്ന നൂറു കണക്കിനാളുകൾ ദിനംപ്രതി സഞ്ചരിക്കുന്ന റോഡിനോടാണ് വൈക്കംനഗരസഭയുടെ അവഗണന. മടിയത്തറ- ആയുർവ്വേദ ആശുപത്രി റോഡിന്റെ ഭൂരിഭാഗവും തകർന്നതോടെ ചികിൽസക്കെത്തുന്ന നൂറുകണക്കിന് രോഗികളാണ് ദുരിതമനുഭവിക്കുന്നത്. നഗരത്തിൽ നിന്ന് മത്സ്യ മാർക്കറ്റ് വഴി ആശുപത്രിയിലെത്തുന്ന റോഡ് നന്നാക്കിയിട്ട് പത്ത് വർഷത്തിലേറെയായെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇവിടെ മാലിന്യം നിറഞ്ഞ കാന ഒരു വർഷം മുമ്പ് മൂടിയതോടെ വെള്ളക്കെട്ടുണ്ടാവുകയും റോഡ് തകരുകയും ചെയ്തു. പ്രശസ്തമായ നടേൽ പള്ളിയും ക്ഷേത്രവും രണ്ട് സ്കൂളുകളുമടക്കമുള്ള പ്രദേശത്തെ റോഡാണ് നഗരസഭയുടെ അവഗണനയിൽ തകർന്ന് കിടക്കുന്നത്. തീരദേശ മേഖലയിലെ നൂറുകണക്കിന് കടുബങ്ങൾക്കും ഈ റോഡ് മാത്രമാണ് ഏകആശ്രയം.
നടേൽ പള്ളി മുതൽ കോൺവെന്റ് വരെയുള്ള ഭാഗമാണ് പൂർണ്ണമായും തകർന്നത്. കോട്ടയംജില്ലയിലെ പ്രധാനമത്സ്യ മാർക്കറ്റിലെത്താനുള്ള റോഡു കൂടിയാണ് ഇത്. സ്വകാര്യ വ്യക്തികളടക്കം കോടതി ഉത്തരവിലൂടെ തോടുകൾ നികത്തിയതോടെ ,റോഡ് ഉയർത്തി വെള്ളക്കെട്ട് ഒഴിവാക്കി നിർമ്മിച്ചാൽ മാത്രമെ ഇനി പ്രയോജനപ്പെടു എന്നതാണ് സ്ഥിതി. നാട്ടുകാരുടെ പരാതിയോട് ജനപ്രതിനിധികളും മുഖം തിരിച്ചതോടെയാണ് ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്.