ഇല്ല, അവർ തിന്നുന്നത് ലെനിനെയല്ല!
ഒരു മനുഷ്യന്റെ ആകൃതിയിൽ നിർമ്മിച്ച കേക്ക് ചുറ്റും കൂടി നിൽക്കുന്നവർ മുറിച്ചു കഴിക്കുന്ന വീഡിയോ വാട്സാപ്പിലും ഫേസ്ബുക്കിലും ഈയിടെ വൈറലായി കറങ്ങി നടക്കുന്നുണ്ട്. പല തരത്തിലുള്ള വ്യാഖ്യാനങ്ങളും ഇതിന്റെ കൂടെ തല്പര കക്ഷികൾ അടിച്ചുവിടുന്നുമുണ്ട്. അതിലൊന്നാണ് കമ്മ്യൂണിസത്തിന്റെ തകർച്ച ആഘോഷിക്കാൻ ലെനിന്റെ കേക്ക് മുറിച്ചു കഴിക്കുന്നതാണ് ഈ സംഭവമെന്നത്.
പക്ഷെ സത്യം ഇതൊന്നുമല്ല. ഇത് ചില സംസ്കാരങ്ങളിൽ നിലനിൽക്കുന്ന, പരേതർക്കുവേണ്ടിയുള്ള ഒരു മരണാനന്തര ചടങ്ങാണ്. ബാൽക്കൻ ഉപദ്വീപിൽ ചില വിഭാഗങ്ങൾ കേക്കിനു പകരം ബ്രെഡ് ആണ് പരേതന്റെ രൂപത്തിൽ നിർമിക്കുന്നത് എന്ന് എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക സാക്ഷ്യപ്പടുത്തുന്നു. ഡച്ചുകാർ മരിച്ചുപോയ ആളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ രേഖപ്പെടുത്തിയ ഡെഡ് കേക്സ് മരണാനന്തര ചടങ്ങുകളിൽ ഉപയോഗിച്ചിരുന്നു. ഈ ആചാരം 17-ആം നൂറ്റാണ്ടിൽ അമേരിക്കയിൽ എത്തുകയും പഴയ ന്യൂയോർക്കിൽ വ്യാപകമായി മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ഇത്തരം കേക്കുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിന്റെ ഗ്രാമ പ്രദേശങ്ങളിൽ ഇപ്പോഴും ഈ ആചാരം പിന്തുടരുന്നുണ്ട്. ഈ കേക്ക് ഭക്ഷിക്കുന്നവർ മരിച്ചുപോയവരുടെ പാപങ്ങളെ ഏറ്റെടുക്കുമെന്നും മരിച്ചവരെ പാപത്തിൽ നിന്ന് മോചിപ്പിക്കുമെന്നുമാണ് സങ്കൽപം.