മേജർ രവിയുടെ ഹർജി; അനധികൃത കെട്ടിടങ്ങളുടെ പട്ടിക തേടി സുപ്രീംകോടതി

0
1522

മേജർ രവിയുടെ ഹർജി; അനധികൃത കെട്ടിടങ്ങളുടെ പട്ടിക തേടി സുപ്രീംകോടതി

തീരദേശ നിയമം ലംഘിച്ച് പണിത കെട്ടിടങ്ങളുടെ പട്ടിക നല്‍കാത്തതില്‍ ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടി സുപ്രീംകോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സംവിധായകന്‍ മേജര്‍ രവി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരമുള്‍പ്പെടേയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സിവിൽ കോടതിയെ ചുമതലപെടുത്തണമെന്ന ആവശ്യത്തിലും സർക്കാരിന് കോടതി നോട്ടീസ് അയച്ചു.

തീരദേശ നിയമം ലംഘിച്ച് സംസ്ഥാനത്ത് പണിത അനധികൃത കെട്ടിടങ്ങളുടെ പട്ടിക കൈമാറാൻ ചീഫ് സെക്രട്ടറി ടോം ജോസിനോട് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇത്തരം കെട്ടിടങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍, കയ്യേറ്റങ്ങള്‍ തടയാന്‍ ഭാവിയില്‍ സ്വീകരിക്കാന്‍ പോകുന്ന മുന്‍കരുതലുകള്‍ എന്നിവയും അറിയിക്കാന്‍ കോടതി കഴിഞ്ഞ സെപ്റ്റംബർ 23 ന് ഉത്തരവിട്ടിരുന്നു.

ഈ നിർദേശം ചീഫ് സെക്രട്ടറി ടോം ജോസ് ഇതുവരെ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മരടിലെ ഫ്ലാറ്റ് ഉടമകളിൽ ഒരാൾ ആയ മേജർ രവി കോടതി അലക്ഷ്യ ഹർജി നല്‍കിയത്. കഴിഞ്ഞ മൂന്ന് തവണ മരട് ഹർജികൾക്ക് ഒപ്പം കോടതി അലക്ഷ്യ ഹർജിയും വന്നിരുന്നെങ്കിലും നോട്ടീസയക്കാന്‍ കോടതി തയ്യാറായിരുന്നില്ല.

എന്നാൽ ഇന്ന് മരട് ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചപ്പോൾ വിഷയം ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര നിരീക്ഷിച്ചു. ആറ് ആഴ്ചയ്ക്ക് ഉള്ളിൽ നിലപാട് അറിയിക്കാനും നിർദേശിച്ചു. അനധികൃത കെട്ടിടങ്ങളുടെ കണക്കെടുപ്പിന് മൂന്നംഗ സമിതിയെ നിശ്ചയിച്ചതായും നാല് മാസത്തിനകം കണക്കെടുപ്പ് പൂര്‍ത്തിയാക്കുമെന്നും കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മരട് നഗരസഭയില്‍ മാത്രം 291 കയ്യേറ്റങ്ങള്‍ കണ്ടെത്തിയതായും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതുകഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിട്ടും അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിക്ക് നല്‍കിയിട്ടില്ല. മരടിലെ ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം തീർപ്പാക്കാൻ പ്രത്യേക ട്രിബ്യുണൽ രൂപീകരിക്കാൻ നിര്ദേശിക്കണം എന്നതുള്‍പ്പെടേുള്ള ആവശ്യങ്ങളിലും കോടതി നോട്ടീസ് അയച്ചു. മാർച്ച് 23 ഹർജികൾ വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here