തിരുവന്തപുരം : ഈ വര്‍ഷത്തെ പത്മ അവാര്‍ഡിനുള്ള സംസ്ഥാന സർക്കാരിന്റെ പട്ടികയില്‍ നിന്ന് ആരെയും പരിഗണിക്കാതെ കേന്ദ്രം.മമ്മൂട്ടി,സുഗുതകുമാരി ,എം.ടി വാസുദേവന്‍ നായർ എന്നിങ്ങനെ സമൂഹത്തിലെ
പ്രഗല്ഭരടങ്ങുന്ന 56 പേരുടെ പട്ടികയാണ് കേരളം നല്‍കിയിരുന്നത്. എന്നാല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആ പട്ടികയില്‍ ഒരാള്‍ പോലുമുണ്ടായിരുന്നില്ല.കേരളം മറന്നു തുടങ്ങിയ പ്രമുഖരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.
നോക്കുപാവകളിക്കാരി പങ്കജാക്ഷിയമ്മയടക്കം പത്മപുരസ്കാര ജേതാകള്‍ എല്ലാം കേന്ദ്രത്തിന്റെ നേരിട്ടുള്ള തിരഞ്ഞെടുപ്പായിരുന്നു.
പത്മവിഭൂഷണനുവേണ്ടി എം.ടി വാസുദേവന്‍ നായരെയാണ് സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നത്. പത്മഭൂഷന്‍ കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവർത്തനം),
മട്ടന്നൂർ ശങ്കരന് കുട്ടി (കല), റസൂൽപൂക്കുട്ടി , മധു , ശോഭന (സിനിമ), പെരുവനം കുട്ടൻ മാരാർ (കല) എന്നിങ്ങനെ എട്ടുപേരെയാണ് കേരളം നിർദ്ദേശിച്ചിരുന്നത്.
പത്മശ്രീക്കായി സൂര്യകൃഷ്ണമൂർത്തി (കല), കാനായി കുഞ്ഞിരാമൻ (ശിൽപി), ആർട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിങ്), കെ.പി.എ.സി. ലളിത (സിനിമ), എം.എൻ. കാരശ്ശേരി (വിദ്യാഭ്യാസം, സംസ്കാരം),ബിഷപ്
സൂസപാക്യം (സാമൂഹിക പ്രവർത്തനം), ഡോ. വി.പി.ഗംഗാധരൻ (ആരോഗ്യം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രൻ (സംഗീതം), ഐ.എം.വിജയൻ (കായികം), ബിഷപ് മാത്യു അറയ്ക്കൽ (സാമൂഹിക പ്രവർത്തനം), എം.കെ.
സാനു(സാഹിത്യം) തുടങ്ങിയവരടക്കം 47 പേരെ ശുപാർശ ചെയ്തു.
കേന്ദ്ര സർക്കാറിന്റെ പുരസ്കാരപട്ടികയില്‍ ഇവരാരും ഉണ്ടായിരുന്നില്ല. ആത്മീയാചാര്യൻ ശ്രീ. എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതൻ പ്രഫ. എൻ.ആർ.മാധവമേനോൻ എന്നിവർക്ക് പത്മഭൂഷൺ നൽകിയ കേന്ദ്രം
സാമൂഹിക പ്രവർത്തകൻ എം.കെ.കുഞ്ഞോൾ, ശാസ്ത്രജ്ഞൻ കെ.എസ്. മണിലാൽ, എഴുത്തുകാരൻ എൻ. ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീയും സമ്മാനിച്ചു.
1965മുതലാണ് റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇന്ത്യയില്‍ പത്മപുരസ്കാരങ്ങള്‍ കൊടുത്തു തുടങ്ങിയത്.സംസ്ഥാനങ്ങള്‍ നല്കുന്ന പട്ടികയനുസരിച്ച് പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ കമ്മിറ്റിയാണ് പത്മപുരസ്കാരങ്ങള്‍
പ്രഖ്യാപ്പിക്കുക. കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാലു മുതൽ ആറുവരെ അംഗങ്ങൾ എന്നിവരുൾപ്പെട്ടതാണ് പത്മ കമ്മിറ്റി.
ശുപാർശകൾ ഈ കമ്മറ്റി പ്രധാനമന്ത്രിയുടേയും പ്രസിഡന്റേയും അംഗീകാരത്തിനായി സമർപ്പിക്കുകയണ് ചെയ്യുക. എന്നാല്‍ ഇത്തവണ കേരളത്തിനു ലഭിച്ച പത്മപുരസ്കാരങ്ങള്‍ എല്ലാം
കേന്ദ്രത്തിന്റെ നേരിട്ടുള്ള തിരഞ്ഞെടുപ്പായിരുന്നു.
മുന്‍സർക്കാരുകളുടെ കാലത്ത് ഭരണകക്ഷിയുമായി ബന്ധമുള്ള ഉന്നതർക്കും പണകാർക്കും മാത്രമായിരുന്നു പത്മപുരസ്കാരങ്ങള്‍ ലഭിച്ചിരുന്നത് എന്ന വ്യാപകപരാതികള്‍ ഉയരുക പതിവായിരുന്നു.